ഷറഫുദീൻ നായകനാകുന്ന ഫാമിലി എന്‍റര്‍ടെയ്‍നറും, പുതുമുഖങ്ങളെ അണിനിരത്തിയുള്ള ടീനേജ് റോം-കോം ചിത്രവുമാണ് കമ്പനിയുടെ പുതിയ പ്രോജക്റ്റുകൾ.
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ രംഗപ്രവേശം. വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിൻ്റെ പശ്ചാത്തലത്തിലൂടെ ക്ലീൻ എൻ്റർടെയ്നറായി എത്തിയ ആചിത്രം പ്രശംസയും അംഗീകാരങ്ങളും,സാമ്പത്തിക വിജയവും നേടി മലയാള സിനിമയിൽ കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു. ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസിനസ് നടത്തിപ്പോരുന്ന ടിപ്പു ഷാനും ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ സാരഥികൾ.
കലയും സിനിമയും എന്നും താൽപര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിർമ്മാണ സ്ഥാപനം തുടങ്ങുവാൻ തീരുമാനിച്ചത്. മറ്റു ബിസിനസുകൾ പോലെയല്ല സിനിമ. ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും സന്തോഷവും പകരണം. ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവരുടെ നിലനിൽപ്പുമെന്ന് നിർമ്മാതാവായ ടിപ്പു വ്യക്തമാക്കി. ഇപ്പോൾ ഈ ബാനറില്‍ രണ്ട് സിനിമകളുടെ നിർമ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഷറഫുദീനും അലൻ ബിൻ സിറാജും (വാഴ 2 ഫെയിം) കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് നവാഗതനായ ജിതേഷ് എസ് റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതില്‍ ഒന്ന്. സെപ്റ്റംബർ നാലിന് മൈസൂരിൽ ചിത്രീകരണമാരംഭിച്ച ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഹ്യൂമർ, ഫാമിലി എൻ്റർടൈനർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം കഥയുടെ പുതുമയിലും അവതരണത്തിലും ഹൃദ്യമായ ദൃശ്യാനുഭവം നൽകുന്ന ഒന്നായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സിനിമാക്കമ്പനി നിർമ്മിക്കുന്ന മറ്റൊരു സിനിമയുടെ ചിതീകരണം ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ടീനേജ് റോം കോം പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒന്നാണ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം യുവതലമുറയേയും കുടുംബങ്ങളേയും ഒരുപോലെ ആകർഷിക്കാൻ പോരുന്നതാണെന്ന് അണിയറക്കാര്‍ പറയുന്നു. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. പുത്തൻ ചിന്തകളും പുതിയ പ്രതിഭകളെയുമൊക്കെ ഈ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം ഒരുപോലെ നടന്നു വരുന്നതിനിടയിൽത്തന്നെ മറ്റ് രണ്ടു ചിത്രങ്ങളുടെ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. അതിൽ ഒരു സിനിമയുടെ ചിത്രീകരണം അടുത്തു തന്നെ ആരംഭിക്കുമെന്ന് ടിപ്പു ഷാൻ പറഞ്ഞു. പിആര്‍ഒ വാഴൂർ ജോസ്.

