മുംബൈ: 1998 ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'ദില്‍സെ'യിലൂടെ എ ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനമാണ് 'ചൈയ്യ ചൈയ്യ ...'. ട്രയിനിന് മുകളില്‍ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന നായകനെ മുഴുവന്‍ സിനിമാ പ്രേമികളും ഏറ്റെടുത്തു.

ആ ഡാന്‍സില്‍ ഷാരൂഖാനൊപ്പം ചുവടുവച്ചത് നടിയും നര്‍ത്തകിയുമായ മലൈക അറോറയാണ്. അന്ന് ആ ഗാനം ചിത്രീകരിക്കുമ്പോള്‍ തനിക്കുണ്ടായ ചെറിയ അപകടത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു ടി വി ഷോക്കിടെ മലൈക മനസ്സ് തുറന്നിരുന്നു. 

''ആ ഗാനചിത്രീകരണത്തിനിടെ ഞാന്‍ പല തവണ വീണിരുന്നു. ശക്തമായ കാറ്റില്‍ ഇടത്തേക്കും വലത്തേക്കും ആടിയുലഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ഒരു കയറുപയോഗിച്ച് എന്നെ ട്രെയിനിന് മുകളില്‍ കെട്ടി. എന്‍റെ അരഭാഗത്തായിരുന്നു കയറിന് മറ്റേ അറ്റം. അത് എന്നെ ഡാന്‍സ് ചെയ്യുമ്പോള്‍ വീഴാതിരിക്കാന്‍ സഹായിച്ചു. എന്നാല്‍ ഷൂട്ട് കഴിഞ്ഞ് കയറ് ഊരിയെടുത്തപ്പോള്‍ എന്‍റെ ശരീരം മുറിഞ്ഞിരുന്നു. മുറിവിലൂടെ രക്തം ഒഴുകുന്നത് കണ്ട് എല്ലാവരും ഭയന്നു'' - മലൈക അറോറ പറഞ്ഞു. 

ഗുല്‍സാര്‍ ആണ് 'ചൈയ്യ ചൈയ്യ' എന്നുതുടങ്ങുന്ന ബോളിവുഡ‍ിലെ എക്കാലത്തെയും ഹിറ്റായ ഗാനം രചിച്ചത്. മലൈക 'ഡാന്‍സിംഗ് സ്റ്റാര്‍' എന്ന് അറിയപ്പെടാന്‍ തുടങ്ങിയത് അതിനുശേഷമാണ്.