ഒരു ജോണർ ലെസ് സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് ലിജോ ജോസ് പറയുന്നത്. 

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ സെൻസറിം​ഗ് പൂർത്തിയായി. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. യുവ സംവിധായക നിരയിൽ പറഞ്ഞ പ്രമേയങ്ങൾ കൊണ്ട് ശ്രദ്ധനേടിയ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മലൈക്കോട്ടൈ വാലിബന്റെ സ്ക്രീൻ ദൈർഘ്യം രണ്ട് മണിക്കൂറും മുപ്പത്തി അഞ്ച് മിനിറ്റുമാണെന്ന് അനലിസ്റ്റുകൾ പറയുന്നു. ആകെ മൊത്തം 155 മിനിറ്റ്. ജനുവരി 25നാണ് മോഹന്‍ലാല്‍ ചിത്രം തിയറ്ററില്‍ എത്തുക. എല്‍ജെപിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക ആവേശവും വാനോളമാണ്. 

ഒരു ജോണർ ലെസ് സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി വാലിബനെ കുറിച്ച് പറഞ്ഞത്. "ഒരു കെട്ടുകഥ അല്ലെങ്കിൽ അമർച്ചിത്ര കഥ വായിക്കുന്നത് പോലെ ഒരു കഥയാണ് വാലിബൻ. ത്രില്ലറാണ്, ആക്ഷ്ഷൻ പടമാണ് എന്ന് പറയാൻ സാധിക്കില്ല. കഥ പറയുക എന്നതാണ്. അതിനകത്ത് ആവശ്യമുള്ളതെല്ലാം ഉണ്ട് എന്നാണ്. ഒരു കാലവും പറയുന്നില്ല. നമുക്ക് പരിചയമുള്ള ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏത് കാലത്താണ് കഥ നടക്കുന്നതെന്ന് നിങ്ങളാണ് വായിച്ച് എടുക്കേണ്ടത്. ഒരു കഥയാണ് അത്", എന്നാണ് ലിജോ ജോസ് പറഞ്ഞത്. വാലിബന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

തിയറ്റർ വിറയ്ക്കുമോന്ന് എനിക്കറിയില്ല, പക്ഷേ..; 'വാലിബനി'ൽ സംഭവം ഇറുക്ക്; മോഹൻലാൽ

അതേസമയം, നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്‍റെ സംവിധാനം ജീത്തു ജോസഫ് ആണ്. അനശ്വര രാജന്‍, സിദ്ധിഖ്, പ്രിയാമണി, ജഗദീഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയ അഭിനേതാക്കള്‍. നേര് 100 കോടി ബിസിനസ് നേടിയെന്ന് അടുത്തിടെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..