ജനുവരി 18 ന് ആരംഭിച്ച ചിത്രീകരണം

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. മലൈക്കോട്ടൈ വാലിബനെ മലയാളത്തില്‍ നിലവില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രമായി ഉയര്‍ത്തിയതിന് ഇക്കാരണം മാത്രം മതിയാവും. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ പ്രധാന ഷെഡ്യൂളിന് രാജസ്ഥാനില്‍ അവസാനമായിരിക്കുന്നു എന്നതാണ് അത്.

ജനുവരി 18 ന് ആരംഭിച്ച് 77 ദിവസം നീണ്ട ഷെഡ്യൂള്‍ ആണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. ഷെഡ്യൂള്‍ ബ്രേക്ക് ആയതോടെ മോഹന്‍ലാല്‍ ഒരു ചെറിയ ഒഴിവുകാലം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ്. സിനിമയുടെ അടുത്ത ചിത്രീകരണം പക്ഷേ മെയ് മാസത്തില്‍ തന്നെ ആരംഭിക്കും. മെയ് അവസാനമോ ജൂണ്‍ ആദ്യമോ ചിത്രീകരണം മുഴുമിപ്പിച്ച് ലിജോയും ടീമും പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും. ഇതും മാസങ്ങള്‍ നീളും. രണ്ടാം ഷെഡ്യൂളില്‍ വേറിട്ട ഗെറ്റപ്പിലാവും മോഹന്‍ലാല്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേ ചിത്രങ്ങളിലായി ആവര്‍ത്തിക്കുന്ന താടിയുള്ള ലുക്ക് മോഹന്‍ലാല്‍ ഈ ഷെഡ്യൂളില്‍ ഉപേക്ഷിക്കുമെന്നും ചലച്ചിത്ര വൃത്തങ്ങളില്‍ സംസാരമുണ്ട്. പ്രേക്ഷകരിലും കാത്തിരിപ്പ് സൃഷ്ടിച്ച വാര്‍ത്തയാണ് ഇത്.

Scroll to load tweet…

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ALSO READ : 'എട്ടാം ക്ലാസില്‍ പ്രണയം, 22-ാം വയസ്സില്‍ വിവാഹം, പ്രതിസന്ധികള്‍'; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് ദേവു