Asianet News MalayalamAsianet News Malayalam

ലിജോ പറയുന്ന 'നാടോടിക്കഥ': വാലിബനായി മോഹന്‍ലാലിന്‍റെ വേഷപ്പകര്‍ച്ച: മലൈക്കോട്ടൈ വാലിബന്‍ റീവ്യൂ

കണ്ടതെല്ലാം പോയ്, കാണാന്‍ പോകുന്നത് നിചം എന്ന ടീസറിലെ  വാക്ക് വീണ്ടും വീണ്ടും ചിത്രത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. 

malaikottai vaaliban movie review mohanlal lijo jose pellissery vvk
Author
First Published Jan 25, 2024, 10:39 AM IST

2024 ല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനായി അവതരിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷകളാണ് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുന്നതും. സ്ഥലകാല സൂചനകള്‍ തരാത്ത ഒരു ഫോക്ക് കഥ പോലെ കാണാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ഒരു യാഗാശ്വത്തെ അഴിച്ചുവിടും പോലെ കഥയുടെ കടിഞ്ഞാണ്‍ അപ്പോഴും ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൈയ്യില്‍ തന്നെയാണ്. 

നാട് ചുറ്റി മല്ലന്മാരെ തോല്‍പ്പിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന മല്ലന്‍റെ കഥയാണ് ചിത്രം പറയുന്നത്. വിവിധ നാടുകളിലൂടെ അദ്ദേഹം നടത്തുന്ന യാത്രയും അതിനിടയില്‍ ഉണ്ടാകുന്ന അനുഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്‍റെ കാതല്‍. നേരത്തെ പറഞ്ഞത് പോലെ സ്ഥലകാല സൂചകങ്ങള്‍ ഇല്ലാതെ ഊഷ്വരമായ ഭൂമിയും, ആഘോഷത്തിന്‍റെ നിറങ്ങളും എല്ലാം പല രീതിയില്‍ പങ്കുവയ്ക്കുന്ന ചിത്രം കഥയിലേക്കും വാലിബനിലേക്കും അയാളുടെ ചുറ്റുമുള്ളവരിലേക്കുമാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. 

കണ്ടതെല്ലാം പോയ്, കാണാന്‍ പോകുന്നത് നിചം എന്ന ടീസറിലെ  വാക്ക് വീണ്ടും വീണ്ടും ചിത്രത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ആ വാക്കുമായി കൂട്ടിയിണയ്ക്കുന്ന രീതിയിലാണ് പിന്നീട് കഥ പുരോഗമിക്കുന്നത്. ഒരു രണ്ടാം ഭാഗത്തിലേക്ക് വ്യക്തമായ സൂചന നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. അതിനാല്‍ തന്നെ യഥാര്‍ത്ഥ കഥ രണ്ടാം ഭാഗത്തിലാണ് എന്ന രീതിയില്‍ പ്രേക്ഷകന് അനുഭവപ്പെടാം. 

മലൈക്കോട്ടൈ വാലിബന്‍ എന്നത് ഒരു പ്രത്യേക ലോകം തീര്‍ത്ത് അതിലേക്ക് പ്രേക്ഷകനെ ക്ഷണിക്കുകയാണ്. വിജയികള്‍ എന്നും ആഘോഷിക്കപ്പെടുകയും അവര്‍ വീര നായകന്മാര്‍ ആകുകയും ചെയ്യുന്ന ലോകം. അവിടെ സംഭവിക്കുന്ന പരാജയങ്ങള്‍ ഒരിക്കലും ക്ഷമിക്കാന്‍ കഴിയുന്നതല്ല. പാമ്പിന് പല്ലിലും, തേളിന് വാലിലും വിഷം പോലെ ഒരോ മുടിനാരിലും വിഷമായി ആ പരാജയ യാഥാര്‍ത്ഥ്യം പകയിലേക്ക് നീങ്ങും അതിന് ഒരു അന്ത്യവും കാണും ഫിലോസഫിക്കലായി പോലും ലൈക്കോട്ടൈ വാലിബന്‍ ഒരു സന്ദേശം നല്‍കുന്നുണ്ട്. 

മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ അവതരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ്  മലൈക്കോട്ടൈ വാലിബനായി മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു മല്ലന്‍റെ എല്ലാതരം പ്രത്യേകതകളും ശരീരവും ആക്ഷനും നന്നായി തന്നെ മോഹന്‍ലാല്‍ ചെയ്യുന്നു. തീര്‍ത്തും ഡ്രമാറ്റിക്കായ രീതിയിലാണ് ചിത്രത്തിന്‍റെ പരിചരണം എന്നതിനാല്‍ അഭിനയത്തിലും മോഹന്‍ലാല്‍ ആ രീതിയില്‍ തന്നെ അടിമുടി തന്‍റെ റോള്‍ അടയാളപ്പെടുത്തുന്നുണ്ട്. അതിനപ്പുറം കഥപരമായ വെല്ലുവിളികള്‍ മോഹന്‍ലാല്‍ എന്ന നടന് നല്‍കുന്നില്ല 'മലൈക്കോട്ടൈ വാലിബന്‍'.

പരിചിത മുഖങ്ങള്‍ക്ക് അപ്പുറം ഏറെ പുതുമുഖങ്ങളാണ്  'മലൈക്കോട്ടൈ വാലിബനില്‍' തങ്ങളുടെ റോളുകളോട് അവര്‍ നീതിപുലര്‍ത്തുന്നു എന്ന് തന്നെ പറയാം. അതിനപ്പുറം സാങ്കേതികമായി ചിത്രം മികച്ച് നില്‍ക്കുന്നുണ്ട്.  'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുമ്പോള്‍ രാജസ്ഥാന്‍റെ ഊഷ്വരമായ ഭൂമിയിലെ ഭംഗി ശരിക്കും ദൃശ്യമാകുന്നു. ലോംഗ് ഷോട്ടുകള്‍ ഗംഭീര ഭംഗി പലയിടത്തും ചിത്രത്തിന് നല്‍കുന്നുണ്ട്.  പ്രശാന്ത് പിള്ളയുടെ സംഗീത മിനിമലായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അതുണ്ടാക്കുന്ന ഇംപാക്ട് വലുതാണ്. 

മുന്‍പ് ഡബിള്‍ ബാരല്‍ എന്ന ചിത്രം തീയറ്ററില്‍ പരാജയപ്പെട്ട സമയത്ത് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെയാണ് "മാറാന്‍ ഒരു പ്ലാനും ഇല്ല, ആരെയും ഇംപ്രസ് ചെയ്യിക്കാനും ഇല്ല". ആ വാചകത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി ഉറച്ചുനില്‍ക്കുന്നു എന്ന് പൊസറ്റീവായോ നെഗറ്റീവായോ ചിലപ്പോള്‍ പ്രേക്ഷകന് തോന്നിയേക്കാവുന്ന ചിത്രമാണ് മൊത്തത്തില്‍ മലൈക്കോട്ടൈ വാലിബന്‍. എങ്കിലും ചിത്രം മികച്ചൊരു ദൃശ്യാനുഭവം നല്‍കുന്നുണ്ട് എന്നതില്‍ സംശയമില്ല. 

'പോര് കഴിഞ്ഞ് പോകുമ്പോ അമ്മക്ക് കുത്തി പിടിക്കാൻ മകന്റെ നട്ടെല്ല് ഊരിത്തരാം'; 'വാലിബൻ' റിലീസ് ടീസർ

'അങ്ങനെകൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ'; വാലിബനെക്കുറിച്ച് ആരാധകര്‍ക്ക് മോഹന്‍ലാലിന്‍റെ 'മുന്നറിയിപ്പ്'

Latest Videos
Follow Us:
Download App:
  • android
  • ios