രാജേഷ് കുറുമാലി തിരക്കഥയെഴുതി ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്ത 'മലവാഴി' എന്ന ചിത്രം അമ്പതിലധികം ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകനും നടനും അവതാരകനും തിരക്കഥാകൃത്തുമായ രാജേഷ് കുറുമാലി തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച് ലീ ഗോൾഡ് ഫിലിംസിന്റെ ബാനറിൽ ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് മലവാഴി. നിരവധി ദേശീയ. അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലായി അന്‍പതിലധികം പുരസ്കാരങ്ങളാണ് ചിത്രം ഇതിനകം സ്വന്തമാക്കിയത്. മികച്ച സിനിമ, നടൻ, നടി, തിരക്കഥ, ക്യാമറ, സംഭാഷണം, പ്രൊഡ്യൂസർ ഉൾപ്പെടെ വിവിധ ചലച്ചിത്രോത്സവങ്ങളിലായി 51 ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളാണ് മലർവാഴിയെ തേടിയെത്തിയത്.

മധ്യ കേരളത്തിലെ പറയ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ നടത്തിവരുന്ന കലാരൂപമായ മലവാഴിയാട്ടം (പറയൻ കളി) പാരമ്പര്യമായി കെട്ടിയാടുന്ന മാണിക്യനെന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ ക്യാമറ ചലിപ്പിക്കുന്നത് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ശ്രദ്ധേയനായ മധു അമ്പാട്ടാണ്. കലയും പ്രകൃതിയും പെണ്ണും മണ്ണും എല്ലാം ചൂഷണം ചെയ്യപ്പെടുന്നിടത്ത് തകർന്നു പോകുന്ന മാണിക്യനെ ലോകം ശ്രദ്ധിക്കുന്നു. മുംബൈയിലെ തിയറ്റർ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ നടൻ ദേവദാസാണ് മാണിക്യനായി ജീവിക്കുന്നത്. 51 ദേശീയ, അന്തർദേശീയ പുരസ്കാര ങ്ങളിൽ 12 പുരസ്കാരങ്ങളും മികച്ച നടനായ ദേവദാസിനായിരുന്നു. പ്രശസ്ത നടൻ ഗുരു സോമസുന്ദരം, ഐ എം വിജയൻ, ശാന്തകുമാരി, സിജി പ്രദീപ്, സുന്ദരപാണ്ഡ്യൻ, മോഹൻ സിത്താര, രാജൻ പൂത്തറക്കൽ, പ്രവീൺ നാരായണൻ, പാച്ചു, മാസ്റ്റർ ദേവനന്ദൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഒ കെ ശിവരാജനും രാജേഷ് കുറുമാലിയും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയത്. സംഗീതം മോഹൻ സിത്താര, മേക്കപ്പ് പി എൻ മണി, ആർട്ട് ബിനിൽ കെ ആന്റണി, എഡിറ്റിംഗ് സുമേഷ് ബി ഡബ്ലൂ ടി, കോസ്റ്റ്യൂം രശ്മി ഷാജൂൺ കാര്യാൽ, ഗാനരചന ഷമ്മു മാഞ്ചിറ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, ചീഫ് അസോസിയേറ്റ് ലിഗോഷ് ഗോപിനാഥ്, അസോസിയേറ്റ് ശിവ രഘുരാജ്, പ്രൊഡക്ഷൻ കൺട്രോളർ ദില്ലി ഗോപൻ, സ്റ്റിൽസ് അജേഷ് ആവണി. ചലച്ചിത്രോത്സവങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ മലവാഴിയുടെ തിയറ്റർ റിലീസിനായി തയ്യാറെടുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming