പിറന്നാള്‍ ദിനത്തില്‍ വ്യക്തിപരമായ ഇഷ്‍ടങ്ങളെക്കുറിച്ച് ആരാധകരോട് സംസാരിച്ച് നടി മാളവിക മോഹനന്‍. ട്വിറ്ററില്‍ #AskMalavika എന്ന ഹാഷ് ടാഗില്‍ തന്നോട് ചോദ്യങ്ങള്‍ ചോദിക്കാമെന്ന് ആരാധകര്‍ക്കുള്ള സര്‍പ്രൈസ് ആയാണ് മാളവിക വെളിപ്പെടുത്തിയത്. തുടര്‍ന്ന് തേടിയെത്തിയ ചോദ്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയ്ക്ക് ട്വിറ്ററിലൂടെത്തന്നെ അവര്‍ മറുപടിയും നല്‍കി.

തമിഴ് സംവിധായകരില്‍ ഒരിക്കലെങ്കിലും ഒപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രിക്കുന്നത് ആര്‍ക്കൊപ്പമെന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. വെട്രിമാരന്‍ എന്നായിരുന്നു മാളവികയുടെ മറുപടി. അദ്ദേഹത്തിന്‍റെ സിനിമകളുടെ വലിയ ആരാധികയാണ് താനെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. വിജയ് യില്‍ ഏറ്റവും ബഹുമാനം തോന്നിയ ഗുണം എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. ലാളിത്യമുള്ള ആളാണ് അദ്ദേഹമെന്നും ബുദ്ധിമുട്ടില്ലാതെ സമീപിക്കാമെന്നും മറുപടി. 'മാസ്റ്ററി'ന്‍റെ ചിത്രീകരണാനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് സിനിമാജീവിതത്തിലെ ഏറ്റവും രസകരമായ ചിത്രീകരണാനുഭവമായിരുന്നെന്നും പ്രതിഭാധനരായ യുവാക്കളുടെ സംഘമായിരുന്നു അതെന്നും മാളവിക പറഞ്ഞു.

തമിഴ് അരങ്ങേറ്റമായിരുന്ന 'പേട്ട'യ്ക്കു ശേഷം മാളവികയുടെ തമിഴിലെ രണ്ടാം ചിത്രമാണ് വിജയ് നായകനാവുന്ന മാസ്റ്റര്‍. രജനി ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രത്തിനു ശേഷം വിജയ് യുടെ നായികയായും എത്തുന്നതോടെ തമിഴ്‍നാട്ടിലും വലിയ ഫാന്‍ ഫോളോവിംഗ് ഉണ്ട് ഇപ്പോള്‍ മാളവികയ്ക്ക്. മലയാളചിത്രം പട്ടം പോലെയിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച മാളവിക കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി 2017ല്‍ ഒരുക്കിയ ഹിന്ദി ചിത്രം ബിയോണ്ട് ദി ക്ലൗഡ്‍സില്‍ നായികാ കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചത്. അതേസമയം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന 'മാസ്റ്റര്‍' കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിയിരിക്കുകയാണ്.