ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക മാളവിക മോഹനന്‍. ധനുഷിന്‍റെ കരിയറിലെ 43-ാം ചിത്രത്തിന്‍റെ ഒരു പ്രധാന അപ്‍ഡേറ്റ് ഇന്ന് വൈകിട്ട് ഉണ്ടാവുമെന്ന് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. അതുപ്രകാരം വൈകിട്ടാണ് മാളവിക നായികയാവുന്ന കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. ധനുഷ് ഒരു മാധ്യമപ്രവര്‍ത്തകനായി എത്തുമെന്നും അറിയുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മാണം.

കാര്‍ത്തിക് സുബ്ബരാജിന്‍റെ രജനി ചിത്രം 'പേട്ട'യിലൂടെ തമിഴിലെത്തിയ മാളവിക മോഹനന്‍ പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം 'മാസ്റ്ററി'ലെ നായികയുമാണ്. അതേസമയം 'ധ്രുവങ്ങള്‍ പതിനാറ്' എന്ന അരങ്ങേറ്റചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ കാര്‍ത്തിക് നരേന്‍റേതായി രണ്ട് ചിത്രങ്ങള്‍ പുറത്തുവരാനുണ്ട്. അരുണ്‍ വിജയ് നായകനാവുന്ന 'മാഫിയ: ചാപ്റ്റര്‍ 1', അരവിന്ദ് സ്വാമി നായകനാവുന്ന 'നരകശൂരന്‍' എന്നിവയാണ് അവ. നെറ്റ്ഫ്ളിക്സ് അടുത്തിടെ പ്രഖ്യാപിച്ച ആന്തോളജി ചിത്രം 'നവരസ'യിലും കാര്‍ത്തിക് നരേന്‍ ഒരു ലഘു ചിത്രം ഒരുക്കുന്നുണ്ട്.