നേര് 2 ഉണ്ടാകുമോയെന്ന ചോദ്യത്തിന് പറഞ്ഞ മറുപടി.

നേരിന്റെ ചര്‍ച്ചകളിലാണ് മലയാളം. വിസ്‍മയിപ്പിക്കുന്ന ഒരു വിജയമായിരിക്കുകയാണ് മോഹൻലാല്‍ ചിത്രം നേര്. നേര് 2 ഉണ്ടാകുമോയെന്നതിലാണ് ഇനി സിനിമയുടെ ആരാധകുടെ ആകാംക്ഷ. ഇതാ മറുപടിയുമായി എത്തിയിരിക്കുകയാണ് നേര് സിനിമയിലെ നായകൻ മോഹൻലാലും.

മോഹൻലാല്‍ നായകനായ നേരിന്റെ വിജയത്തിന്റെ ആഘോഷം ഇന്നലെ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങിലാണ് നേര് രണ്ട് ഉണ്ടാകുമോയെന്ന ചോദ്യം മോഹൻലാല്‍ നേരിട്ടത്. സിനിമ നമ്മള്‍ ചെയ്യുന്നത് രണ്ടാം ഭാഗം ഉണ്ടാകും എന്ന് വിചാരിച്ചിട്ടല്ലല്ലോ എന്ന് മോഹൻലാല്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ദൃശ്യവും അങ്ങനെ ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിചാരിച്ചതല്ലല്ലോ. ഇത് സ്ഥിരമാക്കാനൊന്നും ഇല്ല. പക്ഷേ നേരിനും രണ്ടാം ഭാഗം വരാൻ പ്രാര്‍ഥിക്കാം. അങ്ങനെയുണ്ടാകട്ടെ എന്നുമായിരുന്നു മോഹൻലാല്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയത്.

മോഹൻലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. വിജയമോഹൻ എന്നാണ് നേരില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. കുറേക്കാലമായി കോടതിയില്‍ പ്രാക്ടീസ് ചെയ്യാത്ത കഥാപാത്രമായ വക്കീലാണ് വിജയമോഹൻ. എന്നാല്‍ ഒരു ഘട്ടത്തില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന് വീണ്ടും കോടതി നടപടികളില്‍ പങ്കെടുക്കേണ്ടി വരുന്നു. കേസ് വാദിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ കഥയില്‍ നിര്‍ണായകമാകുന്നത്. വിജയമോഹൻ എങ്ങനെയാണ് ആത്മവിശ്വാസത്തിലേക്ക് എത്തുന്നതെന്നതും കഥയില്‍ പ്രധാനമാണ്. നടൻ എന്ന നിലയില്‍ മോഹൻലാലിന്റെ തിരിച്ചുവരവായിട്ടാണ് പ്രേക്ഷകര്‍ നേരിനെ കാണുന്നത്.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരിലൂടെ വീണ്ടും മോഹൻലാല്‍ നായകനായപ്പോഴുള്ള പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധമാണ് പ്രതികരണങ്ങള്‍. റിയലിസ്റ്റിക്കായിട്ടാണ് കോടതി നടപടികള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇമോഷൻ കോര്‍ട് റൂം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നത്. ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും തിരക്കഥ എഴുതിയിരിക്കുന്നു.

Read More: കേരളത്തിനു പുറത്തും രാജാവ് അയാള്‍ തന്നെ, രണ്ടും മൂന്നും മലയാളത്തിന്റെ യുവ താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക