യാത്രയുടെ അവസാനം, സത്യം വിജയിക്കും എന്നാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്. നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായുള്ള വ്യാജപരാതിയാണെന്ന് ഉണ്ണി വിശദമാക്കിയിരുന്നു
കൊച്ചി: നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായി വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗിക പരാതി സമർപ്പിച്ചിട്ടുണ്ട്. യാത്രയുടെ അവസാനം, സത്യം വിജയിക്കും എന്നാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്. നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായുള്ള വ്യാജപരാതിയാണെന്ന് ഉണ്ണി വിശദമാക്കിയിരുന്നു. മാനേജരെ മർദ്ദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിലാണ് ഇക്കാര്യം ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയത്.
മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്. കൊച്ചിയിലെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിപിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ ആരോപിച്ചത്. രാവിലെ തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. കണ്ണട ചവിട്ടിപ്പൊട്ടിച്ചതായും വിപിൻ ആരോപിച്ചിരുന്നു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോണം ഉയർത്തിയിരുന്നു.
വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായി ഉണ്ണി മുകുന്ദൻ വിശദമാക്കിയത്.


