400 പുരുഷന്മാര്‍ ഉൾപ്പടെ 3 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള സമൂഹത്തിന്റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന പതിനാറായിരത്തോളം പേര്‍ ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് 30 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി ദാനം ചെയ്തിട്ടുണ്ട്.

തൃശൂര്‍: കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് നിര്‍മ്മിക്കാന്‍ സിനിമാതാരം മാളവിക നായര്‍ മുടി ദാനം ചെയ്തു. 30 സെന്‍റിമീറ്റര്‍ നീളത്തിൽ മുടിയാണ് താരം ദാനം ചെയ്തത്. അമല മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന 34 മത് സൗജന്യ വിഗ്ഗ് വിതരണ മീറ്റിങ്ങില്‍ ആണ് താരം മുടി ദാനം ചെയ്തത്. ചടങ്ങിൽ 76 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗുകളും സ്തനാര്‍ബുദ രോഗികള്‍ക്ക് നിറ്റഡ് നോകേഴ്‌സും വിതരണം ചെയ്തു. 350 പേര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു. കേശദാനം സംഘടിപ്പിച്ച 49 സ്ഥാപനങ്ങളെയും മുടി മുറിച്ചു നല്‍കിയ 51 വ്യക്തികളെയും മീറ്റിങ്ങില്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

ഇതിനോടകം 1610 കാന്‍സര്‍ രോഗികള്‍ക്ക് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും സൗജന്യമായി വിഗ്ഗുകള്‍ നല്‍കാന്‍ കഴിഞ്ഞതായി അമല ആശുപത്രി ജോയിന്റ് ഡയക്ടര്‍, ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി അറിയിച്ചു. 400 പുരുഷന്മാര്‍ ഉൾപ്പടെ 3 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള സമൂഹത്തിന്റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന പതിനാറായിരത്തോളം പേര്‍ ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് 30 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി ദാനം ചെയ്തിട്ടുണ്ട്. ഇന്നുവരെ ആവശ്യപെട്ടിട്ടുള്ള എല്ലാ കാന്‍സര്‍ രോഗികള്‍ക്കും സൗജന്യമായി വിഗ്ഗ് നല്‍കാന്‍ കഴിഞ്ഞെന്ന് ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി പറഞ്ഞു. അമല ആശുപത്രിയിലെ മാത്രമല്ല മറ്റ് ആശുപത്രികളിലെയും ചികിത്സ തേടുന്ന രോഗികള്‍ക്കും വിഗ്ഗുകള്‍ സൗജന്യമായി ലഭിക്കുമെന്ന് അമല ആശുപത്രി അധികാരികള്‍ അറിയിച്ചു.

ചടങ്ങിൽ അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍, ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍, ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. രാകേഷ് എല്‍. ജോണ്‍, വെല്‍നസ്സ് വിഭാഗം മേധാവി, ഡോ. സിസ്റ്റര്‍ ആന്‍സിന്‍, കേശദാനം കോ ഓര്‍ഡിനേറ്റര്‍, പി.കെ. സെബാസ്റ്റ്യന്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഫോര്‍ ഹെയര്‍ ഡൊണേഷന്‍, സുകന്യ കെ.കെ. ലയണ്‍സ് ചൈയ്ഡ് ഹുഡ് കാന്‍സര്‍ കോര്‍ഡിനേറ്റര്‍ ആഡ് ഹെയര്‍ ഡോണര്‍, സിമി. ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Read More : ആണാണെങ്കിൽ 'സ്ട്രോങ്ങ്' ആയിരിക്കണോ? സമൂഹത്തിന്റെ സങ്കല്പം പുരുഷനോട് ചെയ്യുന്നത്ആണാണെങ്കിൽ 'സ്ട്രോങ്ങ്' ആയിരിക്കണോ? സമൂഹത്തിന്റെ സങ്കല്പം പുരുഷനോട് ചെയ്യുന്നത്