Asianet News MalayalamAsianet News Malayalam

പ്രതിസന്ധി പ്രതിഫലം മാത്രമോ? നഷ്‍ടത്തില്‍ നിന്ന് കരകയറാന്‍ വഴിതേടി മലയാള സിനിമ

തീയറ്ററുകളിലെത്തിയ 74 സിനിമകളിൽ വിജയം നേടിയത് ആറെണ്ണം മാത്രം

malayalam film industry face another crisis as most of the films are failures at box office
Author
Thiruvananthapuram, First Published Jul 9, 2022, 4:14 PM IST

മലയാള സിനിമയ്ക്ക് ആറ് മാസത്തിനുള്ളിൽ സംഭവിച്ചത് കോടികളുടെ നഷ്ടം. പരാജയ ചിത്രങ്ങളുടെ എണ്ണം സിനിമാ പ്രേമികളെ ഞെട്ടിക്കും. കൊവിഡിന് ശേഷം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ, ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ റിലീസ് ചെയ്തത് 111 ചിത്രങ്ങൾ. ഇതിൽ 36 ചിത്രങ്ങൾ നേരിട്ട് ഒടിടിയിൽ എത്തി. 74 ചിത്രങ്ങൾ തീയറ്ററിൽ റിലീസ് ചെയ്തു. ഒരെണ്ണം ടെലിവിഷൻ പ്രീമിയർ.

തീയറ്ററുകളിലെത്തിയ 74 സിനിമകളിൽ വിജയം നേടിയത് ആറെണ്ണം മാത്രം. സൂപ്പർശരണ്യ, ഹൃദയം, ഭീഷ്മപർവം, ജനഗണമന, സിബിഐ ഫൈവ്, ജോ ആൻഡ് ജോ എന്നിവ. മലയാള സിനിമ കിതയ്ക്കുന്നിടത്ത് ഇതര ഭാഷ സിനിമകൾ പണം വാരി പോകുന്നതും ഇക്കാലയളവിൽ കണ്ടു. പുഷ്പ തുടങ്ങി വച്ചത് ആർആർആർ, കെജിഎഫ് ടു, വിക്രം എന്നീ സിനിമകൾ ഏറ്റെടുത്തു. വലിയ ബാനറിലുള്ള ദൃശ്യവിസ്മയമാണ് ഈ സിനിമകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ചതെന്നാണ് വിലയിരുത്തൽ. കളക്ഷൻ നേടിയതെല്ലാം ആക്ഷൻ സിനിമകളും. മലയാള സിനിമ റിയലിസത്തിൽ കറങ്ങി ആക്ഷൻ സിനിമകളെ നഷ്ടപ്പെടുത്തുന്നതാണ് പ്രേക്ഷകരെ അകറ്റുന്നതിന് പിന്നിലെന്നും വിമർശനമുയർന്നു. ഇവിടെയാണ് സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ വാദത്തിന്‍റെ പ്രസക്തി.

നിലവിൽ ഒരു സിനിമയിലെ ആകെ മുതല്‍മുടക്കില്‍ ഒരു വലിയ ശതമാനം പോകുന്നത് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലമായാണ്. തമിഴും തെലുങ്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സിനിമ താരതമ്യേന ചെറിയൊരു വിപണിയാണ്. അതുകൊണ്ട് തന്നെ ഇവിടെ വിപണിയിൽ നിന്ന് തിരിച്ചു പിടിക്കാവുന്ന പണത്തിനും പരിമിതിയുണ്ട്. ഈ യാഥാർത്ഥ്യം നിലനിൽക്കെ പടത്തിന്‍റെ ബജറ്റ് കണക്കാക്കുമ്പോള്‍ സൂപ്പർ താരങ്ങൾക്ക് പ്രതിഫലം നൽകിക്കഴിഞ്ഞാൽ ബജറ്റ് ചുരുങ്ങും. പിന്നീട് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത്, സ്വാഭാവികമായും സിനിമാ നിർമാണത്തിലാകും. ഇതോടെ മികച്ച ദൃശ്യഭാഷ സൃഷ്ടിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. മാത്രമല്ല സൂപ്പർ താരങ്ങൾ പ്രതിഫലം കൂട്ടിയാൽ ഇൻഡസ്ട്രി ഒന്നടങ്കം പ്രതിഫലം കൂട്ടുന്നതാണ് പ്രതിഭാസമെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടെക്നീഷ്യന്മാടക്കമുള്ളവർ പ്രതിഫലം കൂട്ടുന്നതോടെ സിനിമയുടെ ബജറ്റ് പിടിച്ചാൽ കിട്ടാത്ത നിലവാരത്തിലേക്കാണ് ഉയരുന്നത്. നിലവിൽ താരങ്ങളും സൂപ്പർ താരങ്ങളുമെല്ലാം നിർമാതാക്കൾ കൂടിയാണ്. ഇവരുടെ ഭൂരിഭാഗം പടങ്ങൾ നിർമിക്കുന്നതും ഇവരുടെ ബാനറുകൾ തന്നെ. പ്രതിഫലം നൽകാൻ തയ്യാറുള്ളവർ വരുന്നതിനാൽ വാങ്ങി അഭിനയിക്കുന്നുവെന്നാണ് താരങ്ങളുടെ മറുപടിയെന്ന് നിർമാതാക്കൾ. എന്നാൽ  തങ്ങൾ മാത്രം നിലനിന്നാൽ മതിയെന്ന ഇവരുടെ മനോഭാവം സിനിമയെന്ന വ്യവസായത്തെ നശിപ്പിക്കുന്നതെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ.

ALSO READ : 'ബഡ്‍ജറ്റിന്‍റെ 70 ശതമാനവും പ്രതിഫലം'; മലയാള സിനിമ പ്രതിസന്ധിയിലെന്ന് ജി സുരേഷ് കുമാര്‍

തീയറ്ററുകളിലേക്ക് ആളുകൾ വരാത്തതിന് ദൃശ്യ സമ്പന്നതയുള്ള ചിത്രങ്ങൾ ഇല്ലാത്തത് മാത്രമല്ല പ്രശ്നം. തീയറ്റർ വ്യവസായം നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധിയാണ് ഒടിടി. കൊവിഡ് കാലത്ത് മൊബൈൽ സ്ക്രീനിൽ ചിത്രം കണ്ട് ശീലിച്ചവർ മഹാമാരിയുടെ ഭീതി ഒഴിഞ്ഞതിന് ശേഷവും തീയറ്ററുകളിലേക്ക് എത്താൻ മടിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മുതൽ ശീലങ്ങൾ വരെ ഇതിന് പിന്നിലുണ്ട്. ഉദാഹരണത്തിന് നാല് പേരടങ്ങുന്ന ഒരു കുടുംബം വാരാന്ത്യത്തിൽ നഗരത്തിലെ ഒരു മാളിൽ ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാൻ തീരുമാനിക്കുന്നു. നാല് പേരുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓൺലൈൻ ഫീസായി ഏതാണ്ട് ഒരു ടിക്കറ്റിന്‍റെ പണം കൂടി നൽകേണ്ടി വരും. ഇതോടെ ടിക്കറ്റ് നിരക്ക് മാത്രം ആയിരം രൂപയുടെ അടുത്താകും. വീട്ടിൽ നിന്ന് തീയറ്ററിലേക്ക് വന്ന് പോകാനുള്ള ചെലവും സ്നാക്സിന്‍റെ നിരക്കും കൂട്ടുമ്പോള്‍ ഒരു കുടുംബത്തിന് സിനിമ കാണാനുള്ള ചെലവ് 1,500 രൂപ. കൊവിഡ് പ്രതിസന്ധി വലയ്ക്കുന്ന കാലത്ത് എത്ര പേർ ഇതിന് തയ്യാറാകുമെന്നാണ് ചോദ്യം. സ്വാഭാവികമായും സിനിമ റിലീസ് ചെയ്ത് വൈകാതെ എത്തുന്ന ഒടിടിയ്ക്കായി അവർ കാത്തിരിക്കും.

തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഇത്രയും ഉയർന്നതിന് പിന്നിൽ സർക്കാരിനും പങ്കുണ്ടെന്ന് നിർമാതാക്കൾ. 18% ജിഎസ്ടിയായും 8.5% വിനോദ നികുതിയായും ടിക്കറ്റിന് ന‌ൽകണം. ഇതിന് പുറമേ 3 രൂപ ക്ഷേമനിധി കൂടി ചേരുമ്പോള്‍ 100 രൂപയുടെ ടിക്കറ്റിന് തീയറ്ററുകാർ നികുതിയിനത്തിൽ സർക്കാരിലേക്ക് അടയ്ക്കുന്നത് 29.50 രൂപ. തീയറ്ററുകളിൽ കൂട്ടത്തോടെ ആളെത്തിയിരുന്ന കാലത്ത് ലക്ഷക്കണക്കിന് രൂപയാണ് നികുതി ഇനത്തിൽ സർക്കാരിന് കിട്ടിയിരുന്നത്. കാലം മാറിയതോടെ ഇത് നഷ്ടപ്പെട്ടു.

ഇരുട്ടിൽ ഒറ്റ ദിശയിലേക്ക് തിരിഞ്ഞിരുന്ന് ശ്വാസമടക്കിപ്പിടിച്ച് ആവേശത്തോടെ സിനിമ ആസ്വദിക്കുന്നത് ഒരു വികാരമാണ്. ഇതിന് തീയറ്ററുകളില്‍ തന്നെ കാണണമെന്ന് പ്രേക്ഷകരെക്കൊണ്ട് തോന്നിപ്പിക്കുന്ന സിനിമകളുണ്ടാകണം. ഉത്തരവാദിത്തം സൂപ്പർ താരങ്ങളുടെ തലയിലേക്ക് മാത്രം ചാരാതെ ഇതിനായി നിർമാതാക്കളും സർക്കാരും ഇൻഡസ്ട്രിയും ഒന്നിക്കണം. ഇല്ലെങ്കിൽ സിനിമയ്ക്ക് ഭാഷാതിർത്തികളില്ലെന്ന് കാണികൾ ഓർമിപ്പിച്ചുകൊണ്ടിരിക്കും.

Follow Us:
Download App:
  • android
  • ios