നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് നടി വീണ നായർ. താൻ ഇരയ്ക്കൊപ്പമാണെന്നും എന്നാൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമ്പോൾ നിരപരാധികൾക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷത്തിലധികമായി മലയാള സിനിമയെ പിടിച്ചു കുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നിരിക്കുകയാണ്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. തതവസരത്തില്‍ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്. ഇപ്പോഴിതാ താനും പൂര്‍ണമായും ഇരയ്ക്കൊപ്പമാണെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേയെന്നും ചോദിക്കുകയാണ് നടി വീണ നായര്‍.
വിധിയില്‍ താനും സന്തോഷിക്കുന്നെന്ന് പറഞ്ഞ വീണ, ദിലീപ് നിയമത്തെ അങ്ങേയറ്റം ആദരിക്കുകയും വിശ്വസിക്കുകയും ചെയ്തെന്ന് പറയുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയൽ കൂടിയായിരുന്നു അതെന്നും വീണ പറയുന്നു. സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും പിടിച്ചു നിര്‍ത്താനാവില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
"ഒരു മാറ്റവുമില്ലാതെ പറയട്ടെ.. ഞാനും ഇരക്കൊപ്പമാണ്. പീഡിപ്പിക്കപ്പെടുന്ന ഓരോ ഇരക്കൊപ്പവും.. തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ? വിജയം നേടിയ ദിവസം അല്ല, സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം. പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം. അയാൾ ഒരു നടൻ ആയതുകൊണ്ടല്ല , പ്രശസ്തനായതുകൊണ്ടുമല്ല ഒരു മനുഷ്യനായി, തന്റെ സത്യം കേൾക്കപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നു. കാരണം അയാളും ഒരു ഇരയാണ്. മോശമായ വാക്കുകളും, മാധ്യമ വിചാരണ വിധികളും, ആരോപണങ്ങളും അയാൾ കേട്ടു.ജീവിതത്തിൽ ഇരുട്ടിൽ നിന്നപ്പോഴും അയാൾ പുഞ്ചിരിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു. വീണ്ടും സിനിമകൾ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു. പരാജയങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുമ്പോഴും carrier അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്പോഴും അയാളും അതിജീവിച്ചു. നിയമത്തെ അങ്ങേയറ്റം ആദരിച്ചു വിശ്വസിച്ചു. അത് വലിയ ധൈര്യം ആണ്. താൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയൽ കൂടിയായിരുന്നു. ഇന്ന് കോടതി അത് ബോധ്യമാകുമ്പോൾ ഞാൻ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു. കാരണം സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താൻ കഴിയില്ല", എന്നായിരുന്നു വീണ നായരുടെ വാക്കുകള്‍.



