പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ് ഇഷ്‍ക്. അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു ത്രില്ലര്‍ ചിത്രത്തിന്റെ പരിവേഷത്തിലുള്ളതായിരുന്നു ഇഷ്‍ക്. ഷെയ്‍ൻ നിഗം, ആൻ ശീതള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇഷ്‍ക് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നീരജ് പാണ്ഡെയാണ് ഇഷ്‍ക് ഹിന്ദിയിലേക്ക് എത്തിക്കുന്നത്.

രതീഷ് രവിയുടെ തിരക്കഥയിലായിരുന്നു അനുരാജ് മനോഹര്‍ ഇഷ്‍ക് സംവിധാനം ചെയ്‍തത്. അനുരാജ് മനോഹറും രതീഷ് രവിയും ഇഷ്‍കിന്റെ റീമേക്ക് സംബന്ധിച്ച് നീരജ് പാണ്ഡെയുമായി ചര്‍ച്ച നടത്തി. ഇഷ്‍കില്‍ സിദ് ശ്രീറാം പാടിയ ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ഗാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകും. പ്രമേയം സംബന്ധിച്ചും മാറ്റങ്ങളുണ്ടാകുമെന്നാണ് വാര്‍ത്ത.