'സാന്ത്വന'ത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡിന്റെ റിവ്യു.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച പരമ്പരയാണ് 'സാന്ത്വനം'. കുടുംബ ബന്ധങ്ങളിലെ സ്‌നേഹവും കൂട്ടുകുടുംബത്തിലെ പരസ്‍പര ധാരണയുമെല്ലാം പറഞ്ഞുപോകുന്ന പരമ്പര, കഥയിലെ ദൃഢതകൊണ്ടും, അഭിനേതാക്കളുടെ കെട്ടുറപ്പുകൊണ്ടും മിനിസ്‌ക്രീനിലെ മിന്നും പരമ്പരയായി മാറുകയായിരുന്നു. 'കൃഷ്‍ണ സ്റ്റോഴ്സ്' എന്ന പലചരക്ക് കട നടത്തുന്ന 'സാന്ത്വനം' കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. 'സാന്ത്വനം' വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ, മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ചടുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ടുപോകുന്ന പരമ്പരയില്‍ കുടുംബപ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തങ്ങളുടെ ചെറിയ കട മാറ്റി ഒരു മീഡിയം ലെവലിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനാണ് വീട്ടുകാരുടെ ആലോചന. അതിനായി ലോണ്‍ എടുക്കുമ്പോള്‍ വീട്, വീട്ടിലെ മൂത്തവനായ 'ബാലന്റെ' പേരിലേക്ക് എഴുതേണ്ടതായിവരുന്നു. അങ്ങനെ പരമ്പരയാകെ സ്വത്ത് തര്‍ക്കത്തിലേക്ക് കടക്കുകയാണ്. വീട് ഒരാളുടെ പേരിലെഴുതിയാല്‍ അത് ബാക്കിയുള്ളവര്‍ ചതിക്കപ്പെടുന്നതിന് തുല്ല്യമാണെന്നാണ് സാന്ത്വനം തറവാട്ടിലെ മരുമക്കളുടെ കുടുംബങ്ങള്‍ പറയുന്നത്. 'ഹരി'യുടെ ഭാര്യയായ 'അപര്‍ണ്ണ'യുടെ അച്ഛനായ 'തമ്പി'യാണ് ഈ ആലോചനകളെല്ലാം പറഞ്ഞുപരത്തി കുടുംബകലഹം ഉണ്ടാക്കുന്നത്. സ്വത്ത് 'ബാലന്റെ' പേരിലേക്ക് എവുതാന്‍ സമ്മതിക്കരുതെന്നും, 'സാന്ത്വനം' തറവാട്ടിന്റെ മുന്നിലുള്ള സ്ഥലം മകള്‍ എഴുതി വാങ്ങുകയാണെങ്കില്‍ അവിടെ വലിയൊരു വീട് താന്‍ വച്ചുതരാം, എന്നെല്ലാമാണ് മകള്‍ക്കായുള്ള തമ്പിയുടെ വാഗ്‍ദാനങ്ങള്‍.
എന്നാല്‍ വീടും സ്ഥലവും പലരുടേയും പേരിലാണെങ്കില്‍ ലോണ്‍ അനുവദിച്ച് കിട്ടുക എന്നൊന്ന് ഉണ്ടാകില്ലെന്നാണ് ബാങ്കുകാര്‍ പറയുന്നത്. ഏറ്റവും പുതിയ എപ്പസോഡില്‍ 'തമ്പി' 'സാന്ത്വനം' വീടിന്റെ വീതംവയ്ക്കലിനായുള്ള അളക്കലാണ് ചെയ്യുന്നത്. പലരും നിര്‍ബന്ധിച്ചതോടെ വല്ല്യേട്ടനായ 'ബാലന്‍' സമ്മതിച്ചതോടെയാണ് വീതംവയ്പ്പ് 'തമ്പി'യുടെ നേതൃത്വത്തില്‍ നടക്കുന്നത്. എന്നാല്‍ 'തമ്പി' ഇത്രവേഗം അളവുകാരുമായി എത്തും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ അളക്കലിനെ 'ശിവനും' 'ബാലനും' ചെന്ന് എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇവിടെയൊരു ബംഗ്ലാവ് വേണമെന്ന് അപ്പു പറഞ്ഞിട്ടുണ്ട് എന്ന് 'തമ്പി' പറയുമ്പോള്‍ എല്ലാവരും ആകെ തളരുകയാണ്. എന്നാല്‍ അങ്ങോട്ടുചെന്ന 'ഹരി' 'തമ്പി'യോട് ചോദിക്കുന്നത്, മരുമകന്റെ സ്വത്തിനായി കയറിയിറങ്ങാന്‍ നാണമാകുന്നില്ലേയെന്നാണ്. എന്നിട്ടും 'തമ്പി' പിന്മാറാതെ നിന്നപ്പോള്‍, അളവ് സാധനങ്ങളെല്ലാം ഹരി പിടിച്ച് വലിച്ചെറിയുകയാണ്. അച്ഛന്റെ പ്രവര്‍ത്തനത്തെ ന്യായീകരിച്ചുകൊണ്ട് വീട് വിട്ടിറങ്ങാന്‍ പോകുകയാണ് 'അപര്‍ണ്ണ'യും.
Read More : 'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ
