മലയാളം ഹിറ്റ് ടെലിവിഷന്‍ സീരിയലായ 'സാന്ത്വന'ത്തിന്റെ റിവ്യു (Santhwanam review).

പ്രണയവും സഹോദര സ്‌നേഹവും പറഞ്ഞ് മലയാളിയുടെ സ്വീകരണ മുറി അലങ്കരിക്കുന്ന പരമ്പരയാണ് 'സാന്ത്വനം' (Santhwanam). സോഷ്യല്‍മീഡിയയിലൂടെയും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ പരമ്പര റേറ്റിംഗിലും മുന്നിലായി. 'ശിവന്‍' 'അഞ്ജലി' എന്നീ പ്രധാന കഥാപാത്രങ്ങളാണ് ആരാധകരെ പിടിച്ചിരുത്തുന്നതില്‍ മിടുക്കരെങ്കിലും, പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമുള്ള അഭിനയമാണ് കാഴ്ച്ച വയ്ക്കുന്നത്. അമ്മയെ കൂടാതെ 'ബാലന്‍'‍, 'ദേവി', 'അപര്‍ണ്ണ', 'ഹരി', 'ശിവന്'‍, 'അഞ്ജലി', 'കണ്ണന്‍' എന്നിവരാണ് സാന്ത്വനം വീട്ടിലെ അംഗങ്ങള്‍. മനോഹരമായ സ്‌നേഹത്തോടെയും പ്രണയത്തോടെയും മുന്നോട്ട് പോയിരുന്ന പരമ്പരയിലേക്ക് പൊടുന്നനെയായിരുന്നു പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങിയത്. 'അപര്‍ണ്ണ' ഗര്‍ഭിണി ആയതോടെ പ്രശ്‌നങ്ങള്‍ കൂടി (Santhwanam review).

നാട്ടിലെ പ്രമാണിയായ 'തമ്പി'യുടെ മകളായ 'അപര്‍ണ്ണ'യെ 'സാന്ത്വനം' വീട്ടിലെ 'ഹരി' പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത് ഇഷ്ടപ്പെടാതിരുന്നു തമ്പി, മകളുമായി അകല്‍ച്ചയിലായിരുന്നു. എന്നാല്‍ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ മുതല്‍ക്കേ, മകളും കുട്ടിയും വളരേണ്ടത് തന്റെ വീട്ടിലാണ് എന്ന് തമ്പി കരുതുകയും, അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആദ്യമെല്ലാം മകളേയും മരുമകനേയും സ്‌നേഹം നടിച്ച് ചാക്കിലാക്കാന്‍ നോക്കുന്നെങ്കിലും, പിന്നീടത് 'സാന്ത്വനം' വീട്ടിനോടുള്ള തീര്‍ത്താല്‍ തീരാത്ത ശത്രുത ആയി മാറുന്നു. ആ പ്രശ്‌നത്തില്‍ കുടുംബം പൊറുതി മുട്ടുന്നതിനിടെ, ആ പ്രശ്‌നത്തിന്റെ ഭാഗമായി തന്നെ 'അപര്‍ണ്ണ'യുടെ ഗര്‍ഭം നഷ്ടമാകുന്നുമുണ്ട്.

വിവാഹം കഴിഞ്ഞ് വളരെ നാളുകളായിട്ടും കുഞ്ഞുങ്ങളില്ലാത്ത 'ബാലന്‍'- 'ദേവി' കരുതുന്നത്, തങ്ങളുടെ ശാപമാണ് 'സാന്ത്വനം' വീട്ടില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് എന്നാണ്. അത് പരിഹരിക്കാനായി 'ബാലനും' 'ദേവി'യും 'സാന്ത്വനം' വീടുവിട്ട് കുടുംബവീട്ടിലേക്ക് പോകുന്നു. അവിടെ നിന്നാണ് ബാക്കിയുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ബാലന്റെ അച്ഛന്‍ വളരെ പണ്ട് തങ്ങളെ പറ്റിച്ചെന്നുപറഞ്ഞ് ശത്രുത വച്ചുപുലര്‍ത്തുന്ന ഭദ്രന്‍ അവിടേയും സാന്ത്വനം വീട്ടുകാര്‍ക്ക് സമാധാനം കൊടുക്കുന്നില്ല. അതില്‍ ചുറ്റിപ്പറ്റിയും പരമ്പരയില്‍ പലതരം വിഷമഘട്ടങ്ങളുണ്ടാകുന്നു. കുടുംബ ക്ഷേത്രത്തിലെ പൂജയ്ക്കായി 'ശിവനും' 'അഞ്ജലി'യും ഒഴികെയുള്ളവരെല്ലാം തറവാട്ടിലേക്ക് എത്തുകയും അവരും ഭദ്രനുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ 'ശിവനും' 'അഞ്ജലി'യും ടൂര്‍ പോയിടത്തുനിന്നും, 'അഞ്ജലി'ക്ക് അപകടം പറ്റുകയും ചെയ്യുന്നു. ശിവനും അഞ്ജലിയും തറവാട്ടിലേക്ക് മടങ്ങിയെത്തുന്നതോടെ, ശിവന്‍ ഭദ്രനുമായി വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

അങ്ങനെ വളരെ നീണ്ട ഒരു പ്രശ്‌ന ജീവിതം വെടിഞ്ഞ് പരമ്പര വീണ്ടും സന്തോഷത്തിന്റെ ട്രാക്കിലേക്ക് എത്തുകയാണ്. പുതിയ എപ്പിസോഡില്‍ കാലങ്ങള്‍ക്കുശേഷം 'സാന്ത്വനം' വീട്ടിലേക്ക് എല്ലാവരും തിരിച്ചെത്തുകയാണ്. വീട് വിട്ട് പോകാന്‍ നേരം 'അഞ്ജലി'യുടെ 'അച്ഛനേ'യും അമ്മയേയുമാണ് വീട് ഏല്‍പ്പിച്ചിരുന്നത്. 'ശങ്കരനും' 'സാവിത്രി'യും വീട് നന്നായിത്തന്നെ നോക്കിയിട്ടുമുണ്ട്. വീട്ടിലേക്ക് മടങ്ങിയെത്തുന്ന കുടുംബത്തെ 'സാവിത്രി' ആരതിയുഴിഞ്ഞാണ് അകത്തേക്ക് സ്വീകരിക്കുന്നത്. സര്‍വ്വ ദോഷങ്ങളും മാറാനുള്ള പൂജയെല്ലാം കഴിഞ്ഞ് വരികയല്ലേ, അതുകൊണ്ട് ഐശ്വര്യമായി അകത്തേക്ക് വന്നാട്ടെ, എന്നുപറഞ്ഞാണ് സാവിത്രി ആരതിയുഴിയുന്നത്. 'സാവിത്രി' ഉഴിഞ്ഞ ആരതി പരമ്പരയ്‌ക്കൊന്നാകെ നല്ലത് കൊണ്ടുവരട്ടെ എന്ന് വിശ്വസിക്കാം. പഴയതുപോലെ മനോഹരമായിട്ടുള്ള എപ്പിസോഡുകളാകും വരുന്നത് എന്നാണ് ആരാധകര്‍ കരുതുന്നതും.

സുപ്രിയയ്‍ക്ക് ജന്മദിന ആശംസകളുമായി പൃഥ്വിരാജ്, പ്രിയതമയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചും താരം