മലയാളത്തിലെ ഹിറ്റ് സീരിയലായ 'സാന്ത്വന'ത്തിന്റെ റിവ്യു. 

പ്രക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ച പരമ്പരയാണ് 'സാന്ത്വനം' (santhwanam serial). കുടുംബവും, സ്‌നേഹവും, സാഹോദര്യവും, പ്രണയവുമെല്ലാം പറഞ്ഞുപോകുന്ന പരമ്പര തകര്‍ക്കാനാകാത്ത റേറ്റിംഗോടെയാണ് മുന്നേറുന്നത്. 'ശിവാഞ്ജലി' (Sivanjali) എന്ന ജോഡിയുടെ പ്രണയമായിരുന്നു ഒരിടയ്ക്ക് പരമ്പരയെ താങ്ങി നിര്‍ത്തിയിരുന്നതെങ്കില്‍, ഇന്നിപ്പോള്‍ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഹൃദയത്തിലേക്ക് കയറിക്കഴിഞ്ഞു. വന്നുകയറിയ ചില പ്രശ്‌നങ്ങളെയെല്ലാം തരണം ചെയ്തുകൊണ്ട് പരമ്പര വീണ്ടും അതിന്റെ മനോഹരമായ മുഹൂര്‍ത്തങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ആകെമൊത്തം പ്രണയ സുരഭിലമായ എപ്പിസോഡുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ ഒരിടയ്ക്ക് തരംഗമാകുകയും, പിന്നീട് നിശിതമായ വിമര്‍ശനങ്ങള്‍ പാത്രമാകുകയും ചെയ്‍ത 'കലിപ്പന്‍, കാന്താരി' ടൈപ്പ് പ്രണയം 'സാന്ത്വനം' വീടിന്റെ മുറ്റത്ത് നിന്നും അനുകരിക്കുകയാണ് 'കണ്ണന്‍'. 'സാന്ത്വനം' വീട്ടിലെ ഏറ്റവും ഇളയവനായ 'കണ്ണന്‍' അനുകരിക്കുന്നത്, തന്റെ ഏട്ടനേയും ഏടത്തിയമ്മയേയുമാണ്. 'ശിവാഞ്ജലി'യെ 'കലിപ്പനും' 'കാന്താരി'യുമാക്കി കണ്ണന്‍ അവതരിപ്പിക്കുമ്പോള്‍, 'കണ്ണന്‍' ആരുടേയും പേര് മെന്‍ഷന്‍ ചെയ്യുന്നില്ല. പക്ഷെ, പത്താം ക്ലാസുകാരനായ 'കലിപ്പനും', ഡിഗ്രിക്കാരിയായ 'കാന്താരി'യും എന്ന് കണ്ണന്‍ പറയുമ്പോള്‍ത്തന്നെ കണ്ടിരിക്കുന്ന വീട്ടുകാര്‍ക്കും, മിനിസ്‌ക്രീനിലൂടെ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കും ആളെ പിടികിട്ടും. വീട്ടുകാരെ എല്ലാവരേയും വിളിച്ചുകൂട്ടിയാണ് 'കണ്ണന്റെ' 'കലിപ്പന്‍ കാന്താരി' മിമിക്രി.

പറയാന്‍ പോകുന്ന വിഷയത്തെപ്പറ്റി 'കണ്ണന്‍' സൂചിപ്പിച്ചപ്പോഴേക്കും 'അഞ്ജു'വിന് സംഗതി മനസ്സിലായി. 'കണ്ണന്റെ' 'കലിപ്പന്‍ കാന്താരി' സംഗതി കണ്ടിട്ട് ചിരി പൊട്ടുന്നെങ്കിലും 'ദേവി' ചിരി അടക്കി വയ്ക്കുകയാണ്. 'കലിപ്പ'നായും, 'കാന്താരി'യായും ഒരേപോലെ മനോഹരമായാണ് 'കണ്ണന്‍' അഭിനയിച്ച് തകര്‍ക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. 'അഞ്ജു'വിനെ പുറകേ നടന്ന് കളിയാക്കല്‍ 'കണ്ണന്റെ' സ്ഥിരം പരിപാടിയാണ്. അതിനെല്ലാം 'അഞ്ജു'വിന്റെ കയ്യില്‍നിന്നും കണ്ണന്‍ സ്ഥിരം അടിയും വഴക്കും കിട്ടാറുമുണ്ട്. ഇനിയും അടി വാങ്ങാനുള്ള പുറപ്പാടാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

'ബാലനും' 'ദേവിക്കു'മൊപ്പം കുടുംബക്ഷേത്രത്തില്‍ പോയി, അവിടെവച്ച് താന്‍ ഇത്രനാള്‍ കാണാത്ത മുറപ്പെണ്ണിനെ കണ്ടുകഴിഞ്ഞതോടെ, 'കണ്ണന്റെ' സ്വഭാവത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. പ്രണയം എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെങ്കിലും, 'കണ്ണനും' മുറപ്പെണ്ണ് 'അച്ചു'വുമായി ചെറിയ ഇഷ്‍ടത്തിലാണ്. വീട്ടില്‍ ചായയും കാപ്പിയുമല്ലാതെ, പാല്‍ കുടിച്ച് നടന്നിരുന്ന 'കണ്ണന്‍', ഇപ്പോള്‍ ചായയിലേക്ക് ചേക്കേറിയതും, 'കണ്ണന്റെ' നാണവും സ്വഭാവത്തിലെ മാറ്റവുമെല്ലാം പ്രണയത്തിന്റെ സൂചനകളാണ് എന്നാണ് പ്രേക്ഷകരും, 'സാന്ത്വനം' കുടുംബവും പറയുന്നത്.

Read More : രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന