മലയാള ​ഗാനത്തിന്റെ സുവർണകാലമായി പരി​ഗണിക്കപ്പെടുന്ന 70കളിലാണ് മങ്കൊമ്പും രം​ഗത്തെത്തുന്നത്. ചെറുപ്പം മുതലേ കവി. പിന്നീട് നാടകങ്ങൾക്കായി പാട്ടെഴുതി. 1970-ല്‍ മദിരാശിയിലെത്തിയതാണ് വഴിത്തിരിവ്.

ലയാള ചലച്ചിത്രഗാന രചനാ ശാഖയെ രേഖപ്പെടുത്തുമ്പോൾ മുൻനിരയിൽ സ്ഥാനം പിടിച്ച പേരായിരുന്നു മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ. മുന്‍ഗാമികളായ വയലാറിനെയും ഒഎൻവിയെയും പി ഭാസ്കരനെയും അനുസ്മരിപ്പിക്കുന്ന കവിത തുളുമ്പുന്ന വരികളായിരുന്നു മങ്കൊമ്പിന്റെയും കൈമുതൽ. മലയാളിയുടെ ഈണങ്ങളിലെന്നുമുണ്ടാകുന്ന ലക്ഷാർച്ചനയും ഇളം മഞ്ഞിൻ കുളിരും കാളിദാസന്റെ കാവ്യ ഭാവനയും തുടങ്ങിയ ഒരുപിടി ​ഗാനങ്ങൾ മതി അനുവാചക ഹൃദയങ്ങളിലെന്നും മങ്കൊമ്പിന്റെ സ്ഥാനമുറപ്പിക്കാൻ. 

200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയുമെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ സംഭാഷണങ്ങളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം, ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന ശാരികേ, ശ്രീകോവിൽ ചുമരുകൾ ഇടിഞ്ഞുവീണു, രാജസൂയം കഴിഞ്ഞു എന്റെ രാജയോഗം തെളിഞ്ഞു, കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ, സുഗന്ധീ സുമുഖീ, പാലാഴിമങ്കയെ പരിണയിച്ചു, വർണ്ണചിറകുള്ള വനദേവതേ, നവനീത ചന്ദ്രികേ തിരി താഴ്ത്തൂ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകള്‍.

എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്ര ജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ മുൻനിര സംഗീതസംവിധായകർക്കൊപ്പമെല്ലാം അദ്ദേഹം ഒരുമിച്ചു. എങ്കിലും എംഎസ്‍വിയായിരുന്നു ഫേവറൈറ്റ്. ഏറെയും ഹിറ്റുകളെന്നത് മറ്റൊരു പ്രത്യേക. മൊഴിമാറ്റ ചിത്രങ്ങളിലെ ​ഗാനങ്ങളിലൂടെ പുതുതലമുറക്കും സുപരിചിതം. 

മലയാള ​ഗാനത്തിന്റെ സുവർണകാലമായി പരി​ഗണിക്കപ്പെടുന്ന 70കളിലാണ് മങ്കൊമ്പും രം​ഗത്തെത്തുന്നത്. ചെറുപ്പം മുതലേ കവി. പിന്നീട് നാടകങ്ങൾക്കായി പാട്ടെഴുതി. 1970-ല്‍ മദിരാശിയിലെത്തിയതാണ് വഴിത്തിരിവ്. മദ്രാസിൽ അന്വേഷണം മാസികയുടെ എഡിറ്ററായാണ് ക്ഷണം ലഭിച്ചത്. എന്നാൽ മനസ്സ് മുഴുവൻ സിനിമയായിരുന്നു. ഒടുവിൽ അവസരം അദ്ദേഹത്തെ തേടിയെത്തി. 1971-ല്‍ പുറത്തിറങ്ങിയ 'വിമോചനസമരം' എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. 

1974-ല്‍ പുറത്തിറങ്ങിയ 'അയലത്തെ സുന്ദരി'യാണ്എ വഴിത്തിരിവ്. ശങ്കർ ​ഗണേഷിന്റെ സം​ഗീതത്തിൽ യേശുദാസ് പാടി 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍...' എന്ന ഗാനം സൂപ്പര്‍ഹിറ്റായി. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ മലയാളിയുടെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത നിരവധി ​ഗാനങ്ങൾ എഴുതി. മറ്റുഭാഷകളിൽ നിന്ന് നിരവധി ​ഗാനങ്ങൾ മൊഴിമാറ്റുകയും ചെയ്തു.