Asianet News MalayalamAsianet News Malayalam

'എപ്പോഴും എന്‍റെ രണ്ടാം വീട്'; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ലാല്‍ജോസ്

വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

malayalam movie director laljose received uae golden visa
Author
Thiruvananthapuram, First Published Sep 23, 2021, 9:10 PM IST

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായ മറ്റുള്ളവര്‍. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

യുഎഇ എക്കാലത്തും തനിക്ക് ഒരു രണ്ടാം വീട് പോലെയായിരുന്നെന്ന് ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്‍റെ ചിത്രത്തിനൊപ്പം ലാല്‍ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "അന്‍പതിലേറെ രാജ്യങ്ങളില്‍ സഞ്ചരിച്ചതില്‍ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. ഒരു രാജ്യം നിങ്ങളെ വീണ്ടും കണക്കിലെടുക്കുന്നുവെങ്കില്‍ അത് ആ രാജ്യത്തിന്‍റെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് അവരുടെ ആതിഥേയത്വം കൊണ്ടാണ് അത്. അവിടുത്തെ സംവിധാനവും അധികൃതരും നിങ്ങളോടും നിങ്ങളുടെ പ്രിയപ്പെട്ടവരോടും ഇടപെടുന്നതിന്‍റെ രീതി കൊണ്ടാണ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷം. ഈ ഉദാരതയ്ക്ക് യുഎഇ അധികൃതരോട് നന്ദി", ലാല്‍ജോസ് കുറിച്ചു.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മ്യാവൂ'വിന്‍റെ പ്രധാന ലൊക്കേഷന്‍ ദുബൈ ആയിരുന്നു. സൗബിന്‍ ഷാഹിര്‍ നായകനും മംമ്ത മോഹന്‍ദാസ് നായികയുമാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്‍ലെയ്‍സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്‍ലെയ്‍സ് എന്നീ സിനിമകളുടെ ഷൂട്ടിംഗും ദുബൈയില്‍ ആയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios