Asianet News MalayalamAsianet News Malayalam

'വേറെവര്‍ യു ഗോ, അയാം ദേര്‍', പ്രണയം പറയാന്‍ കൈവിലങ്ങുമായി കാത്തുനിന്ന നായകന്മാര്‍

പ്രണയം നിഷേധിച്ചതിന് ശേഷവും പിന്നാലെ നടന്ന് ശല്യം ചെയ്‍ത 'നായകൻമാരും' ചോദ്യം ചെയ്യപ്പെടുന്നു

Malayalam romantic movies are being questioned
Author
Kochi, First Published Jul 31, 2021, 3:10 PM IST

പ്രണയത്തെ എങ്ങനെയാണ് നിര്‍വചിക്കുക?, ഈ ചോദ്യത്തെ അല്ലെങ്കില്‍ മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളെ പലരും അഭിമുഖീകരിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നത് ഒരിക്കലും സാമൂഹ്യപരമോ മനശാസ്‍ത്രപരമോ ആയ കാഴ്‍ചപ്പാടിലൂടെ മാത്രമാകില്ല. പലപ്പോഴും അത് മുഖ്യാധാരാ ജനപ്രിയ സംസ്‍കാരത്തിന്റെ വായന- കാഴ്‍ച ശീലങ്ങള്‍ക്കനുസൃതമാണ് എന്നതാണ് വസ്‍തുത. അവിടെയാണ് സിനിമ ഒരു പ്രധാന സംഗതിയായി മാറുന്നത്. നടപ്പുകാലത്തെ ഏറ്റവും ജനപ്രിയ മാധ്യമം സിനിമയായതു കൊണ്ടാണ് അത്. ഒരു പെണ്‍കുട്ടി കൊല്ലപ്പെടുന്നതടക്കമുള്ള പ്രണയദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, നമ്മള്‍ ഒരുകാലത്ത് ആഘോഷിച്ച വന്ദനവും സിഐഡി മൂസയും, അന്നയും റസൂലും, പ്രേമവുമൊക്കെ ചോദ്യമുനയിലെത്തുക സ്വാഭാവികം.Malayalam romantic movies are being questioned

കോതമംഗലത്ത് ഡന്റല്‍ കോളേജ് വിദ്യാര്‍ഥിയായ മാനസ വെടിയേറ്റു മരിക്കേണ്ടി വന്നത് പ്രണയം നിഷേധിച്ചതുമൂലമുള്ള പകയെ തുടര്‍ന്നാണ്. മറ്റൊരു പ്രണയം തകര്‍ന്നതിനുശേഷമാണ് രഖില്‍ മാനസയെ പരിചയപ്പെടുന്നത്. പിന്നീട് മാനസ രഖിലിനെ തള്ളിപ്പറഞ്ഞപ്പോള്‍ പ്രണയം പകയായി മാറി. മാനസയുടെ ഹോസ്റ്റല്‍ റൂമിന് അടുത്തായി വാടകയ്‍ക്ക് താമസിക്കുകയും നിരന്തരം പിന്തുടരുകയും ചെയ്യുകയായിരുന്നു രഖില്‍. ഏറ്റവുമൊടുവില്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്‍തു രഖില്‍. 

Malayalam romantic movies are being questioned

പ്രണയം നിഷേധിക്കപ്പെട്ടും സമ്മതിക്കും വരെ പിന്തുടരുകയും ബലം പ്രയോഗിക്കുകയും ചെയ്‍ത എത്രയത്ര നായകൻമാരാണ് പലരുടെയും പ്രണയസ്വപ്‍നങ്ങളിലുണ്ടാവുക. കാമുകിയെ നിരന്തരം ശല്യം ചെയ്‍ത് സമ്മതിപ്പിക്കുന്ന പ്രണയ നായകൻമാര്‍ ഒരുപാടുണ്ട് മലയാള സിനിമയില്‍ത്തന്നെ. നിരന്തരം പാട്ടുംപാടി പിന്തുടരുന്ന പ്രണയനായകൻമാര്‍. ബലം പ്രയോഗിച്ച് സമ്മതം മൂളിപ്പിക്കുന്ന പൗരുഷ നായകൻമാര്‍. വൈകാരികതയെ ചൂഷണം ചെയ്യുന്ന പ്രണയനായകൻമാര്‍, നീ എവിടെ പോയാലും ഞാൻ അവിടെയുണ്ട് എന്ന പരസ്യവാചകം പോലെ പ്രണയിച്ചവര്‍- ഓര്‍മയില്ലേ നമ്മള്‍ ആഘോഷിച്ച പ്രണയനായകൻമാരെ. സമൂഹത്തില്‍ കഴിഞ്ഞ ദിവസമുണ്ടായതുപോലുള്ള പ്രണയദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇവരൊക്കെ പ്രതികളാകുകയാണ്.

Malayalam romantic movies are being questioned

ഒരാളുടെ സ്വകാര്യ ഇടത്തിലേക്ക് അതിക്രമിച്ച് കയറിയും അവരെ പ്രണയത്തിലാക്കാം എന്ന് ആവര്‍ത്തിച്ചു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് മുഖ്യധാരാ ജനപ്രിയ സിനിമകള്‍. വന്ദനത്തിലെയും അന്നയും റസൂലിലേയുമൊക്കെ പ്രണയത്തെ കുറിച്ച് ആലോചിച്ചുനോക്കൂ. ഇഷ്‍ടമില്ലെന്ന് പറഞ്ഞിട്ടും ഗാഥയെ വിടാതെ പിന്തുടരുന്ന നായകന് കയ്യടിച്ചു അക്കാലത്തെയും പിന്നീടുമുള്ള പ്രേക്ഷകര്‍.  'വെറെവര്‍ യു ഗോ, അയാം ദേര്‍' എന്ന സിനിമയിലെ, പ്രണയത്തെ സൂചിപ്പിച്ചിട്ടുള്ള പരസ്യം വാചകം തന്നെ നോക്കുക. 'സ്റ്റോക്കിങ്ങ്' (ഒരാളെ അയാളുടെ അനുവാദമില്ലാതെ അസഹ്യമാം വിധം പിന്തുടരുക) അല്ലാതെ മറ്റെന്താണ് അത്. അങ്ങനെ പിന്തുടര്‍ന്ന് പിടിച്ചെടുക്കേണ്ട ഒന്നാണ് പ്രണയം എന്നാണ് വന്ദനം പോലുള്ള സിനിമകള്‍ ഒരു തലമുറയ്ക്കു കാട്ടിക്കൊടുത്തത്. തനിക്ക് പറയാനുള്ളത് മുഴുവൻ കേള്‍ക്കാൻ വേണ്ടി ഗാഥയെ കൈവിലങ്ങ് അണിയിച്ച് നിര്‍ത്തുക വരെ ചെയ്യുന്നു നായകൻ. സിഐഡി മൂസയില്‍ മേം നെ പ്യാര്‍ കിയാ എന്ന പാട്ടില്‍ പ്രണയം പറഞ്ഞ് നായികയെ ശല്യപ്പെടുത്തുന്ന നായകനെ കയ്യടിച്ച്  പ്രോത്സാഹിപ്പിച്ചവര്‍ അത് പ്രണയസങ്കല്‍പങ്ങളിലെ ശരിയായും സൗന്ദര്യമായും ഉള്ളിലേക്കെടുത്തിരിക്കണം.

Malayalam romantic movies are being questioned

 'നോ' എന്ന വാക്കിനെ സമ്മതമായും 'വളച്ചെടുത്ത' നായകൻമാരുമുണ്ട് മലയാളത്തില്‍.  ഈ പുഴയും കടന്ന് എന്ന സിനിമയില്‍ നായിക ഇഷ്‍ടമല്ല എന്ന് പറയുമ്പോഴും അതില്‍ ഇഷ്‍ടമുണ്ടെന്ന് കണ്ടെത്താനാണ് നായകന് ഇഷ്‍ടം. നോ പറഞ്ഞിട്ടും  നായകൻ തുടര്‍ച്ചയായി പിന്തുടര്‍ന്നതിനാല്‍ നായിക ഗതികെട്ട് പ്രണയത്തിന് സമ്മതം മൂളുമ്പോഴും അത് പരമമായ അനുരാഗമായി വ്യഖാനിച്ചിട്ടായിരുന്നു ഓരോ മുഖ്യധാര സിനിമയും അവസാനിപ്പിക്കാറുള്ളത്. നായകൻ ശല്യപ്പെടുത്തിയും പിന്തുടര്‍ന്നതൊക്കെ പ്രണയമായിരുന്നുവെന്നൊക്കെ  ആ സിനിമകള്‍ വളരെ സ്വാഭാവികമായാണ് സ്ഥാപിച്ചെടുത്തത്. ജനപ്രിയ ബഹുജനസംസ്‍കാര‍ത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനങ്ങളും അതു സൂചിപ്പിക്കുന്നു. തുടര്‍ച്ചയായി പിന്തുടരുമ്പോള്‍ സംഭവിക്കുന്നതാണ് പ്രണയമെന്ന അബദ്ധ ധാരണ സമൂഹത്തിലുണ്ടാകാൻ ഇവിടെ പറഞ്ഞതടക്കമുള്ള ഒട്ടേറെ മുഖ്യധാര പ്രണയ സിനിമകള്‍ കാരണമായിട്ടുണ്ട് എന്നത് തര്‍ക്കമറ്റ വിഷയമാണ്.

Malayalam romantic movies are being questioned

'നോ' എന്നത് 'ബിഗ് നോ'യാണ് എന്ന് മലയാളത്തിലേത് അടക്കമുള്ള സിനിമയും പഠിക്കേണ്ടിയിരിക്കുന്നു. ദമ്പതികളായാല്‍ പോലും ശാരീരിക ബന്ധത്തിന് ഉഭയസമ്മതം വേണമെന്ന പുരോഗമനപരമായ കാഴ്‍ചപ്പാടുകള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അങ്ങനെയിരിക്കേ പ്രണയമടക്കമുള്ള ഒന്നും ബലം പ്രയോഗിച്ചോ നിര്‍ബന്ധിച്ചോ നേടേണ്ട ഒന്നല്ല എന്നും ചര്‍ച്ചകള്‍ കാര്യമാത്ര പ്രസക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്. മുൻകാലങ്ങളില്‍ തിയറ്ററുകളില്‍ കൂടുതലായി എത്തുന്ന പുരുഷ പ്രേക്ഷകരെ മാത്രം തൃപ്‍തിപ്പെടുത്താൻ വേണ്ടി ചെയ്‍തിരുന്ന 'പ്രണയനാടകങ്ങള്‍' തുടരാതിരിക്കുകയും ചെയ്യാൻ  ശ്രദ്ധിക്കേണ്ടതുണ്ട് (സിനിമ മാത്രമാണ് എല്ലാത്തിനും കാരണം എന്നര്‍ഥമല്ല ഇതിന്). ജനങ്ങളില്‍ ഏറ്റവും അധികം സ്വാധീനമുള്ള ബഹുജന മാധ്യമമെന്ന നിലയില്‍ സിനിമയുടെ പങ്ക് ജനപ്രിയ- ബഹുജന സംസ്‍കാരത്തില്‍ വളരെ വലുതാണ്. പുതുകാലത്ത് ഉയരെ പോലുള്ള സിനിമകള്‍ 'ടോക്സിക്' ആയ ബന്ധങ്ങളെ നമ്മുടെ മുന്നിലേക്ക് നീക്കിവച്ചുതരുന്നുണ്ട്. എങ്കിലും പ്രണയം സമ്മതിപ്പിക്കാൻ നായികമാരെ ശല്യപ്പെടുത്തും വിധം പുതിയ കാലത്തും പിന്തുടരുന്ന നായകൻമാരെ തടഞ്ഞേ തീരൂ. അല്ലെങ്കില്‍ സ്‍ക്രീനിനു പുറത്ത് സമൂഹത്തിലും പ്രണയദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സിനിമകളും പ്രതിക്കൂട്ടിലാകും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios