കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുകയാണ് പലയിടത്തും ചെയ്യുന്നത്. സിനിമ റിലീസുകളൊക്കെ മാറ്റിവെച്ചിട്ടുണ്ട്. മലയാളം സീരിയല്‍ ചിത്രീകരണവും നിര്‍ത്തിവെച്ചു. മലയാളം സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവയ്‍ക്കുന്നത് സംബന്ധിച്ച് മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി 17ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രിയും പൊലീസ് മേധാവിയും അടക്കമുള്ള അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും പറയുന്നു. എല്ലാ ചാനലുകളെയും ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ തീരുമാനിച്ച വിവരം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 31 വരെയാണ് ചിത്രീകരണം നിര്‍ത്തിവയ്‍ക്കുക. രോഗവ്യാപനം തടയാൻ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമാവുകയാണ് മലയാളം സീരിയല്‍ ഇൻഡസ്‍ട്രിയുമെന്ന് മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി അറിയിക്കുന്നു.