കൊച്ചി: മലയാള സിനിമയുടെ നിത്യ യൗവനമായ പ്രിയ താരം മമ്മൂട്ടിക്ക് ഇന്ന്  69-ാം പിറന്നാൾ.  1971ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത  'അനുഭവങ്ങൾ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം. 2020ല്‍ റിലീസ് ചെയ്ത അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ആണ് അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. 49 വർഷം നീളുന്ന  അഭിനയജീവിതത്തിൽ ഒപ്പം അഭിനയിച്ചവരും സംവിധായകരും ഉൾപ്പെടുന്ന താരലോകം മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേര്‍ന്നു.

പ്രിയപ്പെട്ട ഇച്ചക്കാ, സന്തോഷപൂര്‍വ്വമായ ജന്മദിനം നേരുന്നു എന്നായിരുന്നു മോഹന്‍ലാലിന്‍റെ ആശംസ. സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, ജയ സൂര്യ, ഉണ്ണി മുകുന്ദന്‍, മണികണ്ഠന്‍ ആചാരി, വൈശാഖ്, അജയ് വാസുദേവ്, ഉണ്ണികൃഷ്ണന്‍ തുടങ്ങി  മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും മമ്മൂട്ടിയുമായുള്ള അനുഭവങ്ങളും പങ്കുവച്ചാണ്  പിറന്നാൾ ആശംസകളേറെയും.

"66"ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്
ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും എന്നായിരുന്നു സലിം കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.