Asianet News MalayalamAsianet News Malayalam

'മാലിക്കി'നൊപ്പം 'കോള്‍ഡ് കേസും' ഡയറക്റ്റ് ഒടിടി റിലീസ്? സാധ്യതകള്‍ ഇങ്ങനെ

തീരുമാനത്തിലേക്ക് നയിച്ച സാഹചര്യം വിശദീകരിച്ച് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആന്‍റോ ജോസഫിന്‍റെ കത്ത്

malik and cold case would be releasing on ott platform
Author
Thiruvananthapuram, First Published Jun 9, 2021, 4:56 PM IST

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ബിഗ് ബജറ്റ് ചിത്രം 'മാലിക്' ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൊവിഡ് രണ്ടാംതരംഗം നീളുന്ന സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി തുടരുമ്പോള്‍ വന്‍ മുടക്കുമുതലില്‍ ഒരുങ്ങിയ മാലിക് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം ചിത്രം 22 കോടിക്ക് വാങ്ങിയെന്നും സ്ഥിരീകരിക്കാത്ത വിവരം ഉണ്ടായിരുന്നു. എന്നാല്‍ മാലികിനൊപ്പം അതേ നിര്‍മ്മാവിന്‍റെ മറ്റൊരു പ്രധാന പ്രോജക്റ്റും ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തും എന്നതാണ് പുതിയ വിവരം. 

malik and cold case would be releasing on ott platform

 

ആന്‍റോ ജോസഫ് ആണ് മാലിക്കിന്‍റെ നിര്‍മ്മാതാവ്. കൊവിഡ് ആദ്യതരംഗത്തിനു ശേഷം ആന്‍റോ ജോസഫിന്‍റെ നിര്‍മ്മാണത്തില്‍ ചിത്രീകരണം നടത്തിയ മറ്റൊരു പ്രോജക്റ്റ് ആയിരുന്നു തനു ബാലകിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ 'കോള്‍ഡ് കേസ്'. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോള്‍ഡ് കേസിന്‍റെ നിര്‍മ്മാണം. ഇപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് മാലിക്കിനൊപ്പം കോള്‍ഡ് കേസും ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ഈ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യം വിശദീകരിച്ച് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആന്‍റോ ജോസഫ് കത്ത് നല്‍കി.

ഇരു ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആന്‍റോ ജോസഫ് കത്തില്‍ വ്യക്തമാക്കുന്നു- ഇരു ചിത്രങ്ങളും വന്‍ മുതല്‍മുടക്ക് ഉള്ളവയാണ്. മാലിക് 2019 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയതാണ്. ഈ ചിത്രങ്ങള്‍ തിയറ്ററുകള്‍ റിലീസ് ചെയ്യുന്നതിനായി പരമാവധി ശ്രമിച്ചിരുന്നു. കൊവിഡ് വ്യാപനം കുറയുകയും സെക്കന്‍റ് ഷോ നടപ്പാവുകയും ചെയ്‍തതിനാല്‍ മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് വ്യാപനം കൂടുകയും വീണ്ടും തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഈ ചിത്രങ്ങള്‍ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ. ഇനി തിയറ്റര്‍ എന്നു തുറക്കും എന്ന കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാലും ഈ ചിത്രങ്ങള്‍ ഒടിടി റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണ്, ആന്‍റോ ജോസഫിന്‍റെ കത്തില്‍ പറയുന്നു.

malik and cold case would be releasing on ott platform

 

തിരക്കഥയും സംവിധാനവും എഡിറ്റിംഗും മഹേഷ് നാരായണന്‍ നിര്‍വ്വഹിച്ചിരിക്കുന്ന മാലിക്കിനുവേണ്ടി ഫഹദ് 15 കിലോ ശരീരഭാരം കുറച്ചിരുന്നു. സനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. അതേസമയം ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്‍റെ ഫീച്ചര്‍ ഫിലിം അരങ്ങേറ്റമാണ് കോള്‍ഡ് കേസ്. എസിപി സത്യജിത്ത് എന്ന പൊലീസ് കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പുള്ള ചിത്രങ്ങളാണ് ഇവ രണ്ടും. 

Follow Us:
Download App:
  • android
  • ios