'തന്‍റെ ആരോഗ്യത്തെക്കുറിച്ചോ മറ്റൊന്നിനെക്കുറിച്ചോ വിഷമിക്കേണ്ടെന്നാണ് അവന്‍ പറഞ്ഞത്. പക്ഷേ..'

ആടുജീവിതം ചിത്രീകരണത്തിനായി പോയ പൃഥ്വിരാജും സംഘവും കൊവിഡ് കര്‍ഫ്യൂവിനെത്തുടര്‍ന്ന് ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്ന സംഘത്തിന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരുന്നതു കാരണം മടങ്ങാനുമായിരുന്നില്ല. എന്നാല്‍ ഏപ്രില്‍ 24ന് ചിത്രീകരണം പുനരാരംഭിച്ച ബ്ലെസിയും സംഘവും ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയാക്കിയതായാണ് വിവരം. പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.

പരീക്ഷണ ഘട്ടത്തില്‍ ജോര്‍ദ്ദാന്‍ ഭരണകൂടം മികച്ച സഹകരണമാണ് നല്‍കിയതെന്നും വൈദ്യപരിശോധനാ സംഘങ്ങള്‍ ഇക്കാലയളവില്‍ ഇടയ്ക്കിടെ സെറ്റിലെറ്റിയിരുന്നതായി പൃഥ്വിരാജ് തന്നോട് പറഞ്ഞിരുന്നെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ഏപ്രില്‍ 20ന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകളൊക്കെ നല്‍കിത്തുടങ്ങിയിരുന്നു. മിക്കവാറും ഭാഗങ്ങളൊക്കെ ചിത്രീകരിച്ചു കഴിഞ്ഞെന്നാണ് ഞാന്‍ മനസിലാക്കുന്നത്, ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞു.

"ഇന്ദ്രന്‍ (ഇന്ദ്രജിത്ത്) വീഡിയോ കോളുകളൊക്കെ കണക്ട് ചെയ്തു തന്നിരുന്നു. കാഴ്ചയില്‍ പൃഥ്വിക്ക് ഒരേയൊരു വ്യത്യാസം കണ്ടത് താടി കൂടുതല്‍ വളര്‍ന്നിരിക്കുന്നു എന്നതായിരുന്നു. പ്രയാസം നേരിട്ട സമയത്തൊക്കെ പോസിറ്റീവ് ആയിട്ടാണ് പൃഥ്വി പ്രതികരിച്ചത്. എന്‍റെ ആരോഗ്യത്തെക്കുറിച്ചോ മറ്റൊന്നിനെക്കുറിച്ചോ വിഷമിക്കേണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഷൂട്ടിംഗ് തുടരാനാവുമോ എന്നറിയാതെ വെറുതെ ഇരിക്കേണ്ടിവരുന്നതാണ് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടെന്നും എന്നോട് പറഞ്ഞിരുന്നു". ചിത്രീകരണം നടന്നക്കില്ലെന്ന ധാരണയില്‍ പൃഥ്വി ഇടയ്ക്ക് ആഹാരക്രമത്തില്‍ മാറ്റം വരുത്തിയിരുന്നെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ഈ മാസം ഇരുപതോടെ പൃഥ്വിരാജും സംഘവും തിരിച്ചെത്തുമെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറയുന്നു.