പൃഥ്വിരാജിനെതിരായ അഖില്‍ മാരാരുടെ വിമര്‍ശനത്തിന് മറുപടിയുമായി മല്ലിക സുകുമാരന്‍.

പൃഥ്വിരാജ് പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാറില്ലെന്ന അഖില്‍ മാരാരുടെ വിമര്‍ശനത്തോട് മല്ലിക സുകുമാരന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവര്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മല്ലിക സുകുമാരന്‍റെ വാക്കുകള്‍

“ഞാന്‍ അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത് കൊട്ടാരക്കരയില്‍ വച്ച് നടന്ന ഒരു പരിപാടിയില്‍ വച്ചാണ്. ബി​ഗ് ബോസ് വിജയി ആയാണ് അന്ന് വന്നത്. അന്ന് അദ്ദേഹത്തെ പ്രശംസിച്ചു തന്നെയാണ് ഞാന്‍ സ്റ്റേജില്‍ സംസാരിച്ചത്. പക്ഷേ, എന്‍റെ മകനെ പറഞ്ഞതുകൊണ്ട് മാത്രമല്ല, ഏത് കാര്യത്തിലും പുള്ളി സംസാരിക്കുന്നത് എനിക്കൊഴികെ ലോകത്ത് ആര്‍ക്കും വിവരമില്ല എന്ന രീതിയിലാണ്. അങ്ങനെ ഒരു ഈ​ഗോ പുള്ളിക്കാരനുണ്ട്. അങ്ങനെയിരിക്കെ പൃഥ്വിരാജിനെക്കുറിച്ച് പറയുന്നു. പൃഥ്വിരാജ് വലിയ മഹാനാണെന്നല്ല ഞാന്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ (അഖില്‍ മാരാര്‍) അത്ര മണ്ടിയല്ല ഞാന്‍. എനിക്ക് കാര്യങ്ങള്‍ അറിയാം. എത്രയോ കൊല്ലം ലോകം കൂടുതല്‍ കണ്ടൊരു വ്യക്തിയാണ് ഞാന്‍. പുള്ളിയുടെ (പൃഥ്വിരാജ്) സ്വന്തം ചേട്ടനുപോലും വേഷം കൊടുത്തില്ല എന്നൊക്കെ പറയുന്നത് കേട്ടു. ഇയാള്‍ ഒന്നും കാണുന്നില്ലേ എന്ന് ഞാന്‍ ഓര്‍ത്തു. ബ്രോ ഡാഡിയിലെ ആ വേഷം എന്തിനാണ് അയാള് ചെയ്തതെന്നൊക്കെ ചോദിക്കുന്നത് കേട്ടു. എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്. ആരുടെ പടമാണ് ബ്രോ ഡാഡി. ആന്‍റണി പെരുമ്പാവൂര്‍ പൈസ മുടക്കിയെടുത്ത പടം. മോഹന്‍ലാലിന് ഭയങ്കരമായി ഇന്‍വോള്‍വ്മെന്‍റ് ഉള്ള ഒരു പടം. അദ്ദേഹം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.”

“അതിന്‍റെ തിരക്കഥയും കാര്യങ്ങളും എല്ലാം റെഡിയാക്കി വരുമ്പോള്‍ അവര്‍ പറയുന്നു ഈ വേഷം രാജു ചെയ്യുന്നതാണ് നല്ലതെന്നും നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ചെയ്താല്‍ രസമായിരിക്കുമെന്നും. ഓരോരുത്തരുടെ മാര്‍ക്കറ്റ് ഒക്കെ വച്ചായിരിക്കും അത്. അഖില്‍ പറഞ്ഞത് ഈ വേഷം ചെറുപ്പക്കാര്‍ക്ക് ആര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്ന്. അത് അഖില്‍ മാരാരും പൃഥ്വിരാജും കൂടിയാണോ തീരുമാനിക്കുന്നത്? ആന്‍റണി പെരുമ്പാവൂരും പൃഥ്വിരാജും കൂടി എന്തിന് പൃഥ്വിരാജിനെ അഭിനയിപ്പിച്ചു, അയാള്‍ ഡയറക്റ്റ് ചെയ്താല്‍ പോരേ എന്ന് ചോദിക്കണം. അതെന്താ ചോദിക്കാന്‍ പേടി. മോഹന്‍ലാലിനെ പേടിച്ചിട്ടാണ് ചോദിക്കാത്തത്. അതുപോലെ ഒരു വലിയ നായകന് വേണ്ടി അദ്ദേഹം ഒരുപാട് ഇവിടെ കിടന്ന് സംസാരിക്കുന്നുണ്ടല്ലോ. ചെയ്യുന്നതൊക്കെ കോമാളിത്തരങ്ങളാണ്. ഇയാള്‍ക്ക് അഭിനയിക്കാന്‍ അറിയാമോ? അഭിനയിച്ച ഒരു പടം നമ്മള്‍ കണ്ടല്ലോ. മമ്മൂട്ടിയോ മോഹന്‍ലാലോ പറയുകയാണ്, രാജു ആ വേഷം ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ശിരസാവഹിക്കും ആ അഭിപ്രായം. കോമാളിവേഷം മാത്രം ചെയ്യുന്ന ഒരു നടനാണ് പൃഥ്വിരാജെന്ന് പറഞ്ഞാല്‍ ഞാന്‍ അം​ഗീകരിച്ചു കൊടുക്കില്ല. പിന്നെ ഞാന്‍ വിചാരിച്ചു എന്‍റെ കുഞ്ഞിനെ മൈക്കിന്‍റെ മുന്നില്‍ നിന്ന് പരസ്യമായിട്ട് അവന്‍ ഇത്രയും പറഞ്ഞില്ലേ. ഒരു ആറ് മാസം കഴിഞ്ഞ് ഞാന്‍ കാണുന്നത് കേരളം മുഴുവന്‍ ഇവനെ കോമാളിയായി കണ്ടില്ലേ, അതാണ് ദൈവ ശിക്ഷ. പണ്ട് കാലങ്ങളില്‍ പ്രസവശേഷം സ്ത്രീകള്‍ പോയി രണ്ടിടങ്ങഴി അരി ഇടിക്കും എന്നൊക്കെ പറയുന്നത് കേട്ടു. അത്രേ ഉള്ളൂ അദ്ദേഹത്തിന്‍റെ വിവരം”, മല്ലിക സുകുമാരന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming