സംഗീത് പ്രതാപ്, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ അഭിനേതാക്കള്‍ സംഗീത് പ്രതാപ്, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. കൊച്ചിയിൽ ഇന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കർമ്മവും പ്രശസ്‌ത നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂർ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ മറ്റ് രണ്ടു ചിത്രങ്ങൾ അണിയറയിൽ പുരോഗമിച്ചു വരുന്നുണ്ട്. നസ്‍ലെന്‍ നായകനാകുന്ന മോളിവുഡ് ടൈംസ്, തരുൺ മൂർത്തി- മോഹൻലാൽ ചിത്രമായ അതിമനോഹരം എന്നിവയാണ് അവ. ഇതില്‍ മോളിവുഡ് ടൈംസ് ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തുകയാണ്.

തണ്ണീർമത്തൻ ദിനങ്ങൾ, മെജോ, പത്രോസിൻ്റെ പടപ്പുകള്‍ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തുകൊണ്ട് ഏറെ ശ്രദ്ധേയനാണ് ഡിനോയ് പൗലോസ്. പൂർണ്ണമായും റൊമാൻ്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. മെട്രോ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിത്. സംഗീത് പ്രതാപ്, മമിത ബൈജു എന്നിവർക്കു പുറമെ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്ക് പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റിംഗ് ചമൻ ചാക്കോ, കലാസംവിധാനം നിമിഷ് എം താനൂർ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്‌റ്റ്യും ഡിസൈൻ മഷർ ഹംസ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ഫിനാൻസ് കൺട്രോളർ ശിവകുമാർ പെരുമുണ്ട, എക്സികുട്ടീവ് പ്രൊഡ്യൂസർ സുധർമ്മൻ വള്ളിക്കുന്ന്, കോ പ്രൊഡ്യൂസർ അരുൺ ഡി ജോസ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീക്കുട്ടൻ. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News