ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരം വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ വമ്പന്‍ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തില്‍ വിജയ്‍ക്കൊപ്പം അഭിനയിക്കുന്ന സഹതാരങ്ങള്‍ ആരൊക്കെയെന്ന് നിര്‍മ്മാതാക്കള്‍ ഇന്നലെ മുതല്‍ വെളിപ്പെടുത്തി തുടങ്ങിയിരുന്നു. ബോളിവുഡ് താരം ബോബി ഡിയോള്‍, പൂജ ഹെഗ്‍ഡെ എന്നിവരുടെ പേരുകളാണ് ഇതുവരെ പുറത്തെത്തിയിരുന്നത്. ഒരു യംഗ് സെന്‍സേഷന്‍ താരത്തിന്‍റെ കാസ്റ്റിംഗും വൈകാതെ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ പേരും പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളത്തില്‍ നിന്നാണ് ആ കാസ്റ്റിംഗ്!

അതെ, പ്രേമലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ മമിത ബൈജുവാണ് വിജയ്‍യുടെ അവസാന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 

Scroll to load tweet…

ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. പിആർഒ പ്രതീഷ് ശേഖർ. രാഷ്ട്രീയ പ്രവേശന സമയത്താണ് സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചന വിജയ് നല്‍കിയത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് വിജയ്‍ നായകനായി എത്തിയ അവസാന ചിത്രം. 

ALSO READ : ചിത്രീകരിക്കുന്നത് വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍; 'ഗുഡ് ബാഡ് അഗ്ലി'യുടെ 50 ദിവസത്തെ സ്പെയിന്‍ ഷെഡ്യൂളിന് തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം