"ഞാനും ലിജോയും കൂടെ ഒരു പടം ചെയ്യണമെന്ന് വിചാരിച്ചിട്ട് കുറച്ചുനാള്‍ ആയി"

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ നന്‍പകല്‍ നേരത്ത് മയക്കം. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. ചിത്രത്തിന് ഒരു തിയറ്റര്‍ റിലീസ് ഉണ്ടാകുമോ എന്ന് ഐഎഫ്എഫ്കെ വേദിയില്‍ എത്തിയ ലിജോയോട് ആസ്വാദകര്‍ ചോദിച്ചിരുന്നു. അത് മമ്മൂക്കയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ലിജോയുടെ മറുപടി. ഏതാനും വാരങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചു. രണ്ട് ദിനങ്ങള്‍ക്കപ്പുറം 19 ന് ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി. എന്നാല്‍ ലിജോയ്ക്കൊപ്പം ആദ്യം ചെയ്യാന്‍ ആലോചിച്ച ചിത്രം നന്‍പകല്‍ അല്ലെന്ന് പറയുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഈ പ്രോജക്റ്റ് രൂപംകൊണ്ട വഴികളെക്കുറിച്ച് പറയുന്നത്.

"ഞാനും ലിജോയും കൂടെ ഒരു പടം ചെയ്യണമെന്ന് വിചാരിച്ചിട്ട് കുറച്ചുനാള്‍ ആയി. കൊവിഡ് സമയത്തിന് മുന്‍പാണ് ആലോചിച്ചുകൊണ്ടിരുന്നത്. ഒന്ന്, രണ്ട് പടങ്ങള്‍ കൊവിഡ് വന്നതുകൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റാതായി. വലിയ കാന്‍വാസിലുള്ള രണ്ട് സിനിമകള്‍ ആലോചിച്ചിരുന്നു. അത് പിന്നെ ആവട്ടെ എന്ന് വിചാരിച്ചു. പിന്നീട് ഭീഷ്‍മപര്‍വ്വം വന്നു. കൊവിഡ് ഒക്കെ ശാന്തമായി. പിന്നീടാണ് നന്‍പകലിന്‍റെ കഥ തീരുമാനിക്കുന്നത്. ആദ്യം പറഞ്ഞ കഥ തന്നെയാണ്. ചെറിയ മാറ്റങ്ങളേ ഉള്ളൂ", മമ്മൂട്ടി പറയുന്നു. മമ്മൂട്ടി കമ്പനിക്കുവേണ്ടി നടത്തിയ അഭിമുഖത്തില്‍ നടി മിയയാണ് മമ്മൂട്ടിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

ALSO READ : 17-ാം ദിനം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍; ബോക്സ് ഓഫീസ് നേട്ടം തുടര്‍ന്ന് 'മാളികപ്പുറം'

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.