മലയാളി പ്രേക്ഷകരുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനാണ് മമ്മൂട്ടി. വിത്യസ്തമായ വേഷങ്ങളിലൂടെ മമ്മൂട്ടിയെത്തിയപ്പോൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോളിതാ വൺ എന്ന ചിത്രത്തിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുകയാണ് താരം. കടയ്ക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മലയാള സിനിമയിൽ മുഖ്യമന്ത്രിയാകും മുൻപ് തന്നെ തമിഴിലും തെലുങ്കിലും മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിട്ടിട്ടുണ്ട് എന്നതാണ് കൗതുകം.1995ൽ പുറത്തിറങ്ങിയ മക്കൾ ആട്ച്ചി എന്ന ആർ.കെ സെൽവമണി ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യം മുഖ്യമന്ത്രിയായത്. സേതുപതി എന്ന രാഷ്ട്രീക്കാരന്റെ വേഷമായിരുന്നു താരത്തിന്. ചിത്രം തമിഴ്നാട്ടിൽ വലിയ വിജയമായിരുന്നു.

 വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്ര എന്ന സിനിമയിലൂടെ ആന്ധ്രയുടെ ഹൃദയം കവർന്ന മുഖ്യനായും മമ്മൂട്ടി മാറി. മഹി വി   രാഘവാണ് ചിത്രം ഒരുക്കിയത്. വൈഎസ്‌ആര്‍ നയിച്ച 1475 കിലോമീറ്റർ മീറ്റർ പദയാത്രയായിരുന്നു ചിത്രത്തിന്റെ പ്രമേയം

1991ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ സാധാരണപ്രവർത്തകനിൽ നിന്നും മന്ത്രിപദം വരെ എത്തുന്ന വി. സുകുമാരൻ എന്ന കഥാപാത്രമായും മമ്മൂട്ടി ആരാധകരുടെ മനസിൽ നിറഞ്ഞു നിന്നു. വീണ്ടും കടയ്ക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായി താരം മലയാളത്തിലെത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.

ഗാനഗന്ധർവനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്. ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ്.