മധുവിന്റെ 89ാം പിറന്നാളാണ് ഇന്ന്.

മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വളർച്ചയ്ക്കൊപ്പം സ‍‍ഞ്ചരിച്ച പ്രിയ നടൻ മധുവിന്റെ 89ാം പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് മലയാള സിനിമയുടെ കാരണവർക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയും മോഹൻലാലും പങ്കുവച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. 

'എന്റെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ', എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, 'എൻ്റെ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ', എന്നാണ് മോഹൻലാൽ എഴുതിയത്. മധുവിനൊപ്പമുള്ള ഫോട്ടോകളും ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് മധുവിന് ആശംസകളുമായി രം​ഗത്തെത്തിയത്.

1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം.1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. തുടർന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്‍റെ അഭിനയപാടവം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. നടനുപുറമേ നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായും അദ്ദേഹം തിളങ്ങി. 

അതേസമയം, ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. 'ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. 'റോഷാക്ക്' ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. നിസാം ബഷീർ ആണ് സംവിധാനം. ചിത്രം ഉടന്‍ തിയറ്ററില്‍ എത്തുമെന്നാണ് വിവരം. 

പൊറോട്ട കഴിക്കേണ്ടത് എങ്ങനെ ? അജുവിനും സാനിയയ്ക്കും ക്ലാസെടുത്ത് നിവിൻ

മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്നത്. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും.