മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ നേര്‍ന്ന് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. പ്രതിസന്ധിയിലായ മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ടുവന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങളെന്ന് മോഹന്ർലാലും ഫേസ്ബുക്കിലെഴുതി. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതോടൊപ്പം ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ 50 ശതമാനമാക്കി കുറക്കുകയും ഗഡുക്കളായി അടക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. വസ്തുനികുതിയും ഗഡുക്കളായി അടക്കാം. വിവിധ ലൈസന്‍സുകളുടെ കാലാവധിയും സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു.

50 ശതമാനം കപ്പാസിറ്റിയില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ ഉടമകള്‍ ഇതുവരെ ഔദ്യോഗിക തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരയ്ക്കാര്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്.