വിജയ് സർക്കാരിനെ പിന്തുണച്ച 21 എഐഎഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് പാർട്ടി ജനറൽ സെക്രട്ടറി ഇപിഎസ് പിൻവലിച്ചു. ഇതേത്തുടർന്ന് ഇവരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ അറിയിച്ചത് വിമത എംഎൽഎമാർക്ക് ആശ്വാസമായി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ അണ്ണാ ഡി എം കെ. (എ ഐ എ ഡി എം കെ) വിമത എം എൽ എമാർക്ക് ആശ്വാസം. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എ ഐ എ ഡി എം കെയിലെ 21 എം എൽ എമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ സി ഡി പ്രഭാകർ അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എം എൽ എ മാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ കത്ത് എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി (ഇ പി എസ്) പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഈ സുപ്രധാന തീരുമാനം. അതേസമയം വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എം എൽ എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകത്തിൽ (ടി വി കെ) ചേർന്ന നാല് പേരുടെ കാര്യത്തിൽ സ്പീക്കർ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ പിന്നീട് മാത്രമായിരിക്കും തീരുമാനം പ്രഖ്യാപിക്കുകയെന്ന് സ്പീക്കർ വ്യക്തമാക്കി. പാർട്ടി പിളർപ്പിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെ, ഇ പി എസ് കത്ത് പിൻവലിച്ചതും സ്പീക്കറുടെ പുതിയ തീരുമാനവും തമിഴ്നാട് രാഷ്ട്രീയ കേന്ദ്രങ്ങൾ വലിയ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

