ദില്ലിയിലെ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ മാധവ് സുരേഷ്

കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ദില്ലിയില്‍ നടന്നുവന്നിരുന്ന വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചത് ഇന്നലെയാണ്. ഒരു മാസത്തിലേറെ നീണ്ട സമരത്തിന് ഇതോടെ അവസാനമാവുകയും ചെയ്തു. മന്ത്രിയുടെ രാജി കൂടാതെ സിജെപി മുന്നോട്ടുവച്ച ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജീവന്‍ വെടിഞ്ഞ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കണമെന്നായിരുന്നു സിജെപിയുടെ ഒരു ആവശ്യം. സാധ്യമായ ഏറ്റവും ഉയര്‍ന്ന തുക നഷ്ടപരിഹാരമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സമരാന്ത്യത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്.

“രാജ്യം സംസാരിച്ചു. ഒടുവില്‍ ഉത്തരങ്ങള്‍ നല്‍കപ്പെട്ടു. ഇപ്പോള്‍, അതിക്രമം നടത്തിയ പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ ശരിയായ കാര്യം ചെയ്യുക”, മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. നേരത്തെ ദില്ലി സമരത്തെക്കുറിച്ച് മാധവ് സുരേഷ് നടത്തിയ പ്രതികരണം ചില കോണുകളില്‍ നിന്ന് വിമര്‍ശനം നേരിട്ടിരുന്നു. നിർബന്ധിച്ച് ഒരു പ്രതിഷേധത്തെ പിന്തുണപ്പിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മിണ്ടാതിരിക്കാനുള്ള ഒരുവന്റെ അവകാശത്തിന്റേയും ലംഘനമാണെന്ന് മാധവ് കുറിച്ചിരുന്നു. “കാരണം നിർബന്ധിച്ച് അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാസിസത്തിന്റെ വ്യക്തമായ മുഖമുദ്രയാണ്. പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി”, മാധവ് പറഞ്ഞിരുന്നു.

ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിന്റെ ഭാവിക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്നും മാധവ് പറഞ്ഞിരുന്നു. “നിലവിൽ നടക്കുന്നതെല്ലാം വളരെ മോശമായ കാര്യങ്ങളാണ്. നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിന്റെ ഭാവിക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുകയാണ്. ഭരണകൂടത്തിന് ആരോ​ഗ്യകരമായ മത്സരം നൽകേണ്ടവർ, സ്വന്തം അജണ്ടകൾ നടപ്പിലാക്കുന്നതിന് വേണ്ടി ആളുകളെ ദുരുപയോ​ഗം ചെയ്യുന്നു. എങ്ങനെ ആയാലും അവസാനം തോറ്റു പോകുന്നത് ഇന്ത്യയിലെ സാധാരണക്കാരായ സ്തീപുരുഷന്മാരാണ്. നമ്മുടെ രാജ്യത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്. ഇതിനെല്ലാം ശാശ്വതവും സമാധാനപരവുമായൊരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിലത് ആസാധ്യമായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.”

“എന്നിൽ നിന്നും നിഷ്പക്ഷമായൊരു സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങളെ നിരാശപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. കണ്ണ് തുറന്ന് നിങ്ങളും ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണൂ. ഒരു വിഭാ​ഗം വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ, മറ്റൊരു വിഭാ​ഗം അവരെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് ആത്മാർത്ഥമായി ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഇതിനെ ഒരിക്കലും ഒരു രാഷ്ട്രീയ പോരായി മാറ്റില്ലായിരുന്നു. ഓരോ ഇന്ത്യക്കാരനും അത് മനസിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”, മാധവ് സുരേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു, എന്നായിരുന്നു സമരത്തെക്കുറിച്ച് മാധവ് സുരേഷ് ആദ്യം നടത്തിയ പ്രതികരണം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming