Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിന് ശേഷം ഇനി മമ്മൂട്ടിയുടെ ഊഴം? രജനിക്കൊപ്പം ലോകേഷ് ചിത്രത്തിലേക്കെന്ന് റിപ്പോര്‍ട്ട്

ഇതിനകം ഹൈപ്പ് നേടിയിട്ടുള്ള പ്രോജക്റ്റ് ആണ് തലൈവര്‍ 171

mammootty approached for thalaivar 171 by lokesh kanagaraj says reports rajinikanth mohanlal jailer nsn
Author
First Published Nov 10, 2023, 11:00 PM IST

സിനിമകള്‍ക്ക് ഭാഷാതീതമായി റീച്ച് ഉള്ള ഒടിടി കാലത്ത് മറുഭാഷാ സിനിമകളില്‍ നിന്നുള്ള കാസ്റ്റിംഗ് സര്‍വ്വസാധാരണമാണ്. ഏത് ഇന്‍ഡസ്ട്രിയിലും അത് ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് തമിഴ് സിനിമയില്‍ ആണെന്ന് പറയാം. മറുഭാഷാ സിനിമകളില്‍ നിന്നുള്ള താരങ്ങളെ എങ്ങനെ നന്നായി ഉപയോഗിക്കാം എന്നതിന്‍റെ ഏറ്റവും വലിയ തെളിവായിരുന്നു രജനികാന്ത് ചിത്രം ജയിലര്‍. മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫുമൊക്കെ ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തി കൈയടി വാങ്ങി. ഇവരുടെ സാന്നിധ്യം ചിത്രത്തിന്‍റെ വിപണിമൂല്യത്തെയും ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന ഒരു രജനി ചിത്രത്തിലും അത്തരത്തിലുള്ള കാസ്റ്റിംഗ് ഉണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തുകയാണ്.

രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. ജയിലറില്‍ രജനിക്കൊപ്പം മോഹന്‍ലാലാണ് എത്തിയതെങ്കില്‍ തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ എത്തുന്ന റിപ്പോര്‍ട്ടുകള്‍. ഇത് നടന്നാല്‍ മമ്മൂട്ടിയുടെയും രജനികാന്തിന്‍റെയും 32 വര്‍ഷത്തിന് ശേഷമുള്ള കൂടിച്ചേരല്‍ ആയിരിക്കും അത്. മണി രത്നത്തിന്‍റെ സംവിധാനത്തില്‍ 1991 ല്‍ പുറത്തെത്തിയ ദളപതിയിലാണ് ഇരുവരും മുന്‍പ് ഒരുമിച്ചത്.

അതേസമയം ഇതേ ചിത്രത്തിലെ വില്ലന്‍ റോളിലേക്ക് രാഘവ ലോറന്‍സിന്‍റെ പേരിനൊപ്പം പൃഥ്വിരാജിന്‍റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മറ്റൊരു പ്രധാന വേഷത്തില്‍ ശിവകാര്‍ത്തികേയനെ എത്തിക്കാനും അണിയറക്കാര്‍ ശ്രമിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ ഈ വിവരങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലോകേഷ് കനകരാജിന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ ഇതിനകം ഹൈപ്പ് നേടിയിട്ടുള്ള പ്രോജക്റ്റ് ആണ് തലൈവര്‍ 171.

 

അതേസമയം ജയിലറിലെ വില്ലന്‍ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചവരില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. ചിത്രത്തിലെ വില്ലന്‍റെ കാസ്റ്റിംഗിനെക്കുറിച്ച് ഓഡിയോ ലോഞ്ചില്‍ രജനികാന്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു- "ഒരു പേര് സജക്ഷനിലേക്ക് വന്നു. വലിയ സ്റ്റാറാണ്. വളരെ മികച്ച, കഴിവുള്ള ആര്‍ട്ടിസ്റ്റ്. എന്‍റെ നല്ല സുഹൃത്ത്. അദ്ദേഹം ചെയ്താല്‍ എങ്ങനെ ഉണ്ടാവുമെന്ന് നെല്‍സണ്‍ ചോദിച്ചു. നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. സാറിന്‍റെ നല്ല സുഹൃത്തല്ലേ, സാറൊന്ന് ചോദിച്ചാല്‍ ഞാന്‍ പിന്നെ ഫോളോ അപ്പ് ചെയ്തേക്കാമെന്ന് നെല്‍സണ്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ച് ഈ റോളിന്‍റെ കാര്യം സംസാരിച്ചു. വില്ലന്‍ കഥാപാത്രമാണ് പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ്, നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും, ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്ന് പറഞ്ഞു. ഇത് കേട്ട് സംവിധായകനോട് വന്ന് കഥ പറയാന്‍ എന്നോട് അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ സന്തോഷം ആയി. അദ്ദേഹം സമ്മതിച്ച കാര്യം ഞാന്‍ നെല്‍സനോട് പറഞ്ഞു. നെല്‍സണ് ചില തിരക്കുകള്‍ ഉണ്ടായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ പോയി കാണാമെന്ന് സമ്മതിച്ചു. പക്ഷേ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ശരിയല്ലാത്ത പോലെ തോന്നി. കഥാപാത്രം ഇങ്ങനെയാണ്, എനിക്ക് അദ്ദേഹത്തെ അടിക്കാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു. ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ വന്നു. ഞാന്‍ എന്ത് ചിന്തിച്ചോ അത് തന്നെ അദ്ദേഹവും പറഞ്ഞു. പിന്നാലെ വിനായകന്റെ ഗെറ്റപ്പ് എന്നെ കാണിക്കുകയായിരുന്നു", രജനി പറഞ്ഞിരുന്നു. രജനി ഇക്കാര്യം പറയുമ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്ന സംവിധായകന്‍ നെല്‍സന്‍റെ ചുണ്ടിന്‍റെ ചലനത്തില്‍ നിന്നാണ് രജനി ഉദ്ദേശിച്ചത് മമ്മൂട്ടിയുടെ കാര്യമാണെന്ന് പ്രേക്ഷകര്‍ മനസിലാക്കിയത്. 

ALSO READ : 'ലെറ്റ്സ് വെല്‍കം ഹിം'; മോഹന്‍ലാലിന്‍റെ വമ്പന്‍ അപ്ഡേറ്റ് ദീപാവലിക്ക് മുന്‍പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios