'ലെറ്റ്സ് വെല്‍കം ഹിം'; മോഹന്‍ലാലിന്‍റെ വമ്പന്‍ അപ്ഡേറ്റ് ദീപാവലിക്ക് മുന്‍പ്
ഒക്ടോബര്‍ 5 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്

മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് മാത്രമാണ്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ ഒരു അപ്രതീക്ഷിത പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് എത്തിയിരിക്കുകയാണ്.
സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് എത്തും എന്നതാണ് അത്. 11-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഫസ്റ്റ് ലുക്ക് പുറത്തെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒരു പോസ്റ്ററിനൊപ്പമാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ ഹെലികോപ്റ്ററും തോക്കും മറ്റൊരു വാഹനവും ഒക്കെയുണ്ട്. ലൂസിഫറിന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ ഖുറേഷി അബ്രാം ഖുറേഷിയുടെ, ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ പോസ്റ്റര്‍.
ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം