ഇന്ന് തീയേറ്ററുകളിലെത്തിയ പുതിയ ചിത്രം 'ഷൈലോക്കി'ന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍. കേക്ക് മുറിച്ചുള്ള ആഘോഷത്തിന് നിര്‍മ്മാതാവ് ജോബി ജോര്‍ജിനും സംവിധായകന്‍ അജയ് വാസുദേവിനുമൊപ്പം മറ്റുള്ളവര്‍ക്കുമൊപ്പം മമ്മൂട്ടിയും പങ്കെടുത്തു. സംവിധായകന്‍ അജയ് വാസുദേവിന്റെ പിറന്നാള്‍ ആഘോഷവും ഇതിനൊപ്പം നടന്നു.

കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്. പല പ്രധാന സെന്ററുകളിലും പ്രേക്ഷകരുടെ തിരക്ക് പ്രമാണിച്ച് ഇന്ന് രാത്രി സ്‌പെഷ്യല്‍ ഷോകള്‍ ആഡ് ചെയ്തിട്ടുണ്ട്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മൂന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ മമ്മൂട്ടിക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം.