തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാരഡി പാട്ടുകൾ ഉണ്ടാക്കിയതിന് പല സ്ഥാനാർഥികളും പണം നൽകിയില്ലെന്ന് ഗായകൻ അൻവർ. പണം തരാത്തവരുടെ പേര് വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അദ്ദേഹം പുതിയൊരു പാരഡി ഗാനം പുറത്തിറക്കിയിട്ടുണ്ട്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്കായി പാരഡി പാട്ടുണ്ടാക്കിയതിന് പ്രതിഫലം ലഭിച്ചില്ലെന്ന് ഗായകൻ അൻവർ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് ഗായകൻ പറഞ്ഞു. പണം ലഭിക്കാത്തതിൽ മുന്നറിയിപ്പായി മറ്റൊരു പാരഡി പാട്ടും ഗായകൻ പുറത്തിറക്കി. ആദ്യത്തെ നാല് വരിയാണ് ഇപ്പോൾ പുറത്തിറക്കുന്നതെന്നും ഇനിയും പണം ലഭിച്ചില്ലെങ്കിൽ പേര് വെളിപ്പെടുത്തി പാട്ടിറക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. കുറേപേർ പണം തന്നു, കുറേപേർ പറ്റിച്ചു. പാട്ട് ചെയ്തിട്ടും പണം തരാത്തവർ ഉണ്ടെന്ന് പോസ്റ്റിട്ടപ്പോൾ തരാത്തവരുടെ വിവരം വെളിപ്പെടുത്തണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.
പണം തരാത്തവരുടെ പേര് വെളിപ്പെടുത്തി ഒരുപാട്ട് ചെയ്തൂടെയെന്ന് ഒരു സുഹൃത്ത് ചോദിച്ചു. ആ ആശയം ഇഷ്ടമായി. അങ്ങനെ ഒരുപാട്ട് ചെയ്തു. അതിന്റെ നാല് വരി ഇപ്പോൾ പുറത്തുവിടും. വീഡിയോ കണ്ടിട്ടും പൈസ തന്നില്ലെങ്കിൽ മുഴുവൻ പാട്ടും പണം തരാത്തവരുടെ ഫോട്ടോ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു തമാശക്ക് വേണ്ടി ചെയ്തതാണെന്നും ഇത് കാണുന്നവരിൽ പണം തരാനുള്ളവർ എത്രയും വേഗം പണം തരണമെന്നും ഉറക്കമൊഴിച്ച് ജോലി ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
