സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 15 ന് ആരംഭിക്കുമെന്നാണ് വിവരം

മലയാള സിനിമയില്‍ ഏറ്റവുമധികം നവാഗത സംവിധായകരുടെ സിനിമയില്‍ അഭിനയിച്ച സൂപ്പര്‍താരം മമ്മൂട്ടി ആയിരിക്കും. ഒരു നവാഗത സംവിധായകന്‍റെ ചിത്രം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി പൂര്‍ത്തിയാക്കിയത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ‍് ആയിരുന്നു അത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രവും ഒരു നവാഗത സംവിധായകന്‍റേതാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീന്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും. നാളെ വൈകിട്ട് 6 മണിക്ക് പോസ്റ്റര്‍ പുറത്തെത്തുമെന്ന് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കുമെന്നും ജിനു എബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പറഞ്ഞിരുന്നു. ചിത്രം ഒരു മൈന്‍ഡ് ഗെയിം ത്രില്ലര്‍ ആണെന്നും മലയാളത്തില്‍ ഇതുവരെ ഉണ്ടാവാത്ത തരം ജോണറില്‍ ഉള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 15 ന് ആരംഭിക്കുമെന്നാണ് വിവരം. ഈദിന് ശേഷമാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക. 

കൊച്ചി, ബംഗളൂരു എന്നിവിടങ്ങള്‍ ലൊക്കേഷന്‍ ആക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ നിമിഷ് രവിയാണ്. തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ ഒഫിഷ്യല്‍ കണ്‍ഫര്‍മേഷന്‍ വന്നിട്ടില്ല. നന്‍പകല്‍ നേരത്ത് മയക്കവും ക്രിസ്റ്റഫറുമാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

ALSO READ : ആദ്യ എലിമിനേഷനിലേക്ക് ബി​ഗ് ബോസ്; ഈ 7 പേരില്‍ പുറത്താവുക ആര്?