ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്ന നമ്മൾ ഒന്നിച്ചു നിന്ന് നിപ്പയെ കീഴടക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.
കേരളത്തിൽ നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം ജനങ്ങളോട് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്ന നമ്മൾ ഒന്നിച്ചു നിന്ന് നിപ്പയെ കീഴടക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. ഒപ്പം എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകളും താരം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!
ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലും നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിയുകയായിരുന്നു.
അതേസമയം കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധൻ അറിയിച്ചു. എയിംസിൽ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തിൽ കേരളത്തിലെത്തിക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ കൺട്രോൾ റൂം തുടങ്ങി. നമ്പർ : 011-23978046. ഇത് വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
