അന്‍വര്‍ റഷീദിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു രാജമാണിക്യം

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉള്ള ട്രെന്‍ഡ് ആണ്. മലയാളത്തിനും ആ ട്രെന്‍ഡ് സജീവമാണ്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തോടെ മലയാളത്തില്‍ ആരംഭിച്ച റീ റിലീസുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തന്നെ ചിത്രം ഛോട്ടാ മുംബൈയില്‍ എത്തിനില്‍ക്കുന്നു. മണിച്ചിത്രത്താഴും വല്യേട്ടനും ദേവദൂതനുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ തിയറ്ററുകളില്‍ ഛോട്ടാ മുംബൈയോളം റീ റിലീസില്‍ ആവേശം സൃഷ്ടിച്ച ചിത്രം ഇല്ലെന്ന് പറയേണ്ടിവരും. വലിയ സ്ക്രീന്‍, ഷോ കൌണ്ട് ഇല്ലാതെ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രേക്ഷകാവേശം കാരണം ഷോ കൌണ്ടി വര്‍ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഛോട്ടാ മുംബൈ തരംഗം തീര്‍ക്കുന്നതോടെ മറ്റൊരു ഹിറ്റ് ചിത്രത്തിന്‍റെ റീ റിലീസിന് വേണ്ടിയും സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഛോട്ടാ മുംബൈ സംവിധായകന്‍ അന്‍വര്‍ റഷീദ് തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാജമാണിക്യം എന്ന ചിത്രമാണ് അത്.

രാജമാണിക്യം റീ റിലീസ് ചെയ്താല്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടുമെന്നാണ് അത് ആവശ്യപ്പെടുന്നവര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും മമ്മൂട്ടി ആരാധകരാണ് ഈ ക്യാംപെയ്നിന് പിന്നില്‍. രാജമാണിക്യം എത്തിയാല്‍ ഇതുവരെയുള്ള റീ റിലീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമെന്നും അവകാശപ്പെടുന്ന പോസ്റ്റുകള്‍ എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്.

Scroll to load tweet…

മറ്റ് നിരവധി നവാഗത സംവിധായകര്‍ക്ക് അവസരം കൊടുത്തതുപോലെ മമ്മൂട്ടിയാണ് അന്‍വര്‍ റഷീദിനും ആദ്യമായി അവസരം നല്‍കിയത്. 2005 ല്‍ പുറത്തെത്തിയ രാജമാണിക്യമാണ് അന്‍വറിന്‍റെ ആദ്യ ചിത്രം. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ബെല്ലാരിയിലെ പോത്തുകച്ചവടക്കാരനായ ബെല്ലാരി രാജ എന്ന് അറിയപ്പെടുന്ന രാജമാണിക്യത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാംഗും ചിത്രത്തിലെ കോമഡി രംഗങ്ങളും സ്റ്റൈലുമൊക്കെ വലിയ ജനപ്രീതിയാണ് നേടിയത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റ് ആക്കിയ സംവിധായകരുടെ നിരയിലാണ് അന്‍വര്‍ റഷീദ്.

Scroll to load tweet…

ടി എ ഷാഹിദ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ റഹ്‍മാന്‍, മനോജ് കെ ജയന്‍, ഭീമന്‍ രഘു, സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, പദ്‍മപ്രിയ തുടങ്ങി വലിയ താരനിരയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. രാജമാണിക്യം കണ്ടാണ് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യിക്കണമെന്ന ആഗ്രഹവുമായി മണിയന്‍പിള്ള രാജു അന്‍വര്‍ റഷീദിനെ സമീപിക്കുന്നത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News