Asianet News MalayalamAsianet News Malayalam

'പ്രീസ്റ്റി'നെയും കൊവിഡ് ബാധിച്ചു; ചിത്രീകരണം നീട്ടി

മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റ് എന്ന സിനിമയുടെയും ചിത്രീകരണത്തെ കൊവിഡ് ബാധിച്ചു.

Mammootty film Priests shooting stopped
Author
Kochi, First Published Sep 21, 2020, 4:33 PM IST

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ എറണാകുളത്തും കുറ്റിക്കാനത്തുമായി പൂര്‍ത്തിയായതാണ്.  സെക്കന്റ് ഷെഡ്യൂള്‍ 19ന് കുറ്റിക്കാനത്ത് തുടങ്ങാനിരുന്നതാണ്.
18ന് കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി എല്ലാവരും ലൊക്കേഷനില്‍ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ ചെന്നൈയില്‍വച്ചും സാങ്കേതികപ്രവര്‍ത്തരും യൂണിറ്റംഗങ്ങളടക്കം എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തി എറണാകുളത്ത് ഒത്തുകൂടി അവിടുന്ന് കുറ്റിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. യൂണിറ്റിലെ രണ്ടുപേര്‍ക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും. അതോടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. മഞ്‍ജു വാര്യരും നിഖിലവിജയനുമായിരുന്നു സെക്കന്റ് ഷെഡ്യൂളിലെ പ്രധാന താരനിരക്കാര്‍. അവരും പുറപ്പെടാനിരുന്നവരാണ്. ഷൂട്ടിംഗ് റദ്ദാക്കിയതോടെ അവരുടെ യാത്രയും മുടങ്ങി. 

മമ്മൂട്ടിയുടെ പോര്‍ഷനുകള്‍ ആദ്യ ഷെഡ്യൂളില്‍തന്നെ പൂര്‍ത്തിയായിരുന്നു. ദി പ്രീസ്റ്റിന്റെ ഷൂട്ടിംഗ് സെപ്‍തംബര്‍ 29 ലേയ്ക്ക് റീഷെഡ്യൂള്‍ ചെയ്‍തിട്ടുണ്ട്. ആദ്യം എറണാകുളത്ത് തുടങ്ങും. തുടര്‍ന്ന് കുറ്റിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും. ബി ഉണ്ണികൃഷ്ണനും ആന്റോജോസഫും ചേര്‍ന്നാണ് ദി പ്രീസ്റ്റ് നിര്‍മ്മിക്കുന്നത്.
ജോഫിന്റെ കഥയ്ക്ക് ദീപുപ്രദീപും ശ്യാം മോഹനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. സെപ്‍തംബര്‍ 14 ന് ജോഫിന്‍ ടി. ചാക്കോയുടെ വിവാഹമായിരുന്നു. ആന്‍സിയാണ് വധു. പാലക്കാട്ടുവച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ജോഫിന്‍ നേരെ കടന്നത് പ്രീസ്റ്റിന്റെ വര്‍ക്കുകളിലേയ്ക്കാണ്.

Follow Us:
Download App:
  • android
  • ios