തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂട്ടി. വ്യത്യസ്തമാർന്ന വേഷങ്ങൾ ചെയ്ത് മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പേര് അങ്ങ് ഓസ്കർ അക്കാദമി വേദയിൽ മുഴങ്ങി കേട്ടുകഴിഞ്ഞു. അഭിനയത്തിന് പുറമെ സഹജീവികളോട് കരുണ കാണിക്കുന്ന നടൻ കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സാമൂഹികപ്രവർത്തനങ്ങളിലൂടെ സഹായം ലഭിച്ച ഒട്ടനവധി പേരുണ്ട്. അക്കൂട്ടത്തിലൊരാളാണ് സന്ധ്യ.
അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ ആളായിരുന്നു സന്ധ്യ. ആലു രാജഗിരി ആശുപത്രിയിൽ ആയിരുന്നു ചികിത്സ. ഇതിനിടെ സന്ധ്യയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റേ വന്നിരുന്നു. ആശുപത്രിക്കിടക്കയിൽ വച്ച് തന്റെ കാൽ നഷ്ടമായ വിവരം സന്ധ്യ കണ്ണീരോടെ പറഞ്ഞപ്പോൾ, കൃത്രിമക്കാൽ നൽകാമെന്ന് വാക്ക് നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് മമ്മൂട്ടി. കാൽ വെച്ചതിന് ശേഷം നേരിട്ട് കാണണമെന്ന സന്ധ്യയുടെ ആഗ്രവും മമ്മൂക്ക സഫലീകരിച്ചു.
എങ്ങനെയുണ്ട് കാല് വെച്ചിട്ട്..നടന്ന് നടന്ന് ശീലിക്ക് കേട്ടോ..'എന്നാണ് സന്ധ്യയോട് മമ്മൂട്ടി കണ്ടപ്പോൾ തന്നെ പറഞ്ഞത്. പയ്യേ നടക്കാറാകുന്നുവെന്ന് സന്ധ്യ മറുപടിയും നൽകി. ഇടയ്ക്കൊന്ന് ബാലൻസ് നഷ്ടമായപ്പോൾ സന്ധ്യയ്ക്ക് കൈ കൊടുക്കാനും മമ്മൂട്ടി മടിച്ചില്ല. ഒപ്പം സമ്മാനങ്ങളും അദ്ദേഹം സന്ധ്യയ്ക്ക് കൈമാറിയ ശേഷമാണ് മടങ്ങിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലി കൂമ്പന്‍പാറയിൽ മണ്ണിടിച്ചിൽ നടന്നത്. മണ്ണിടിച്ചിലിൽ സ്വന്തം വീട് പൂർണമായും നശിച്ചിരുന്നു. ദുരന്തത്തിൽ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായി. തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ രക്തയോട്ടം തിരികെ കൊണ്ടുവരാൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നു. പക്ഷേ, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വർദ്ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലായി. ഇതോടെ ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.



