ഫിലിംഫെയര്‍ അവാര്‍ഡുകളുടെ ചരിത്രത്തില്‍ അപൂര്‍വ്വ നേട്ടവുമായി മമ്മൂട്ടി. ഒരേ വര്‍ഷം മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടിയിരിക്കുകയാണ് മമ്മൂട്ടി. മലയാളത്തില്‍ നിന്ന് 'ഉണ്ട', തമിഴില്‍ നിന്ന് 'പേരന്‍പ്', തെലുങ്കില്‍ നിന്ന് 'യാത്ര' എന്നിവയാണ് ചിത്രങ്ങള്‍. നേരത്തേ പത്തിലേറെ തവണ മലയാളചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഉണ്ട (കഥാപാത്രം-എസ് ഐ മണിസാര്‍)

 

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയിലെ അഭിനേതാവിന്റെ വേറിട്ട പ്രകടനം മലയാളത്തില്‍ എത്തിച്ച ചിത്രമായിരുന്നു ഉണ്ട. ഹര്‍ഷദിന്റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ ആയിരുന്നു സംവിധാനം. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തീയേറ്ററുകളില്‍ പ്രേക്ഷകശ്രദ്ധയും നിരൂപകപ്രീതിയും ലഭിച്ച ചിത്രത്തിന് പിന്നാലെ ആമസോണ്‍ പ്രൈമിലെ സ്ട്രീമിംഗിലും മികച്ച റിവ്യൂസ് ലഭിച്ചിരുന്നു.

പേരന്‍പ് (അമുദവന്‍)

 

റാം സംവിധാനം ചെയ്ത ചിത്രം. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയുടെ അച്ഛന്‍ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ആണ് അമുദവന്‍. സാധനയാണ് അമുദവന്റെ മകളായി എത്തിയത്. റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ കഴിഞ്ഞ ഗോവ ചലച്ചിത്ര മേളയിലായിരുന്നു.

യാത്ര (വൈ എസ് രാജശേഖര റെഡ്ഡി)

 

26 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച ചിത്രം. ആന്ധ്രയില്‍ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ വൈ എസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. 2004ല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കിമീ പദയാത്രയെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രം.