ശരീരത്ത് ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. എന്നാൽ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വീഡിയോയിൽ പറയുന്നു. 

ഹൃദ്രോഗബാധയെത്തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി. നടന്‍ ബിനീഷ് ബാസ്റ്റിന്‍ മോളിക്കുവേണ്ടി സഹായം അഭ്യര്‍ഥിച്ച് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായെന്നും തുടര്‍ ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയാണെന്നും മോളി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മമ്മൂട്ടിയുടെ സഹായ വാഗ്ദാനത്തിന്റെ കാര്യവും അതേ വീഡിയോയില്‍ അവര്‍ തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. 

'ചെക്കപ്പിന് പോകാന്‍ പോലും സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ല. ആഭരണമെല്ലാം വിറ്റു. ഇനി നാല് സെന്റ് സ്ഥലവും വീടും മാത്രമേ ശേഷിക്കുന്നുള്ളൂ. ശരീരത്തില്‍ ഇപ്പോഴും സ്വര്‍ണ്ണമൊക്കെ ഉണ്ടല്ലോ എന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. എന്നാല്‍ ഒരു തരി പൊന്ന് പോലും ഇപ്പോള്‍ തനിക്കില്ല. ഇട്ടിരിക്കുന്നതൊക്കെ മുക്കുപണ്ടമാണ്', ലൈവ് വീഡിയോയില്‍ മോളി പറഞ്ഞു. സ്‌നേഹമുള്ളവര്‍ കഴിയുംവിധം സഹായിക്കണമെന്നും അവര്‍ വീഡിയോയില്‍ ആവശ്യപ്പെട്ടു.

അതേസമയം മമ്മൂട്ടിയുടെ പിഎ വീട്ടില്‍വന്ന് സംസാരിച്ചെന്നും തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും അമ്മയെ ഉടന്‍ അങ്ങോട്ട് എത്തിക്കാന്‍ ആവശ്യപ്പെട്ടെന്നും മോളിയുടെ മകന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.