ചേർത്തല: മെഗാ സ്റ്റാർ മമ്മൂട്ടി ഷൂട്ടിങ് റേഞ്ചിലെത്തി റീടേക്കുകൾ ഇല്ലാതെ വെടിയുതിർത്തു. ആലപ്പുഴ റൈഫിൾ അസോസിയേഷൻ കോളേജ് അങ്കണത്തിൽ നിർമിച്ച അന്താരാഷ്ട്ര നിലവാരത്തിലെ ഷൂട്ടിങ് റേഞ്ചിൽ ബുധനാഴ്ച രാവിലെയാണ് മമ്മൂട്ടി എത്തിയത്. റൈഫിൾ ക്ലബ് അംഗത്വം സ്വീകരിക്കുന്നതിനായിരുന്നു സന്ദർശനം. ഷൂട്ടിങ് റേഞ്ചിൽ ക്ലബ് സെക്രട്ടറി കിരൺ മാർഷൽ കൈമാറിയ തോക്കെടുത്ത് പരിചിതനെന്നപോലെ ലക്ഷ്യംനോക്കി നിമിഷങ്ങൾക്കകം അദ്ദേഹം കാഞ്ചിവലിച്ചു. 

വെടിയൊച്ച പലകുറി മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയ കോളേജ് വിദ്യാർഥികൾ ആരവംമുഴക്കി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് അങ്കണത്തിൽ കാത്തുനിന്നവർ ഞങ്ങളുടെ മമ്മുക്കാ എന്ന് ഉറക്കെ പറഞ്ഞു. ക്ലബ് പ്രസിഡന്റ് കൂടിയായ കലക്ടർ എം അഞ്ജന, മമ്മൂട്ടിക്ക് അംഗത്വം കൈമാറി. സിനിമയിലെ വെടിവയ്പും ഇവിടത്തേതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴയിൽ ഇത്രയുംവലിയ സംരംഭം വന്നപ്പോൾ അതിന്റെ ഭാഗമാകണമെന്ന് തോന്നിയാണ് എത്തിയത്. വീണ്ടും ഷൂട്ടിങ് റേഞ്ചിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്ത് രൺജി പണിക്കരോടൊപ്പമാണ് മമ്മൂട്ടി എത്തിയത്. സെന്റ് മൈക്കിൾസ് കോളേജിലെ നൂറുകണക്കിന് വിദ്യാർഥികൾ ഹർഷാരവത്തോടെ അദ്ദേഹത്തെ വരവേറ്റു. 

എൻസിസി ബാൻഡ് വാദ്യസംഘം അഭിവാദ്യം അർപ്പിച്ചു. ക്ലബ് പ്രസിഡന്റ് കൂടിയായ കലക്ടർ എം അഞ്ജന, വൈസ് പ്രസിഡന്റ് കൂടിയായ ജില്ലാ പൊലീസ് മേധാവി കെ എം ടോമി, ക്ലബ് സെക്രട്ടറി കിരൺ മാർഷൽ, എഎസ്പി വിവേക്കുമാർ, ക്ലബ് ട്രഷറർ ഗോപാലനാചാരി, കോളേജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 

ഒന്നാം നിലയിൽ അൽപ്പനേരത്തെ സ്നേഹസംഗമത്തിനുശേഷം മട്ടുപ്പാവിൽനിന്ന് വിദ്യാർഥികളെ കൈവീശി അഭിവാദ്യംചെയ്തതോടെ ആവേശം കൊടുമുടികയറി. പുതുതലമുറയ്ക്ക് ഷൂട്ടിങ് പരിശീലനം ലഭ്യമാക്കി ദേശീയ﹣-അന്തർദേശീയ താരങ്ങളെ വാർത്തെടുക്കുക ലക്ഷ്യമാക്കി നിർമിച്ച ഷൂട്ടിങ് റേഞ്ച് ആഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനംചെയ്തത്.