ചെന്നൈ: എണ്‍പതുകളില്‍ സിനിമയിലെത്തി ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് ശോഭിച്ചിരുന്ന നായികാ നായകന്‍മാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ഇത്തരത്തില്‍ ഒത്തുചേര്‍ന്ന് സൗഹൃദം പുതുക്കുന്നത്. 'ക്ലാസ് ഓഫ് 80 സ്' എന്നാണ് ഇത്തവണത്തെ റീയൂണിയന്‍റെ പേര്. ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടല്‍. കറുപ്പും ഗോള്‍ഡന്‍ നിറവുമായിരുന്നു ഡ്രസ് കോഡ്. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വസതിയിലായിരുന്നു ആഘോഷം. ചിരഞ്ജീവി തന്നെയായിരുന്നു പരിപാടിയുടെ അവതാരകന്‍. 

ഈ സൗഹൃദക്കൂട്ടായ്മയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അസാന്നിധ്യം ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ റീയുണിയനില്‍ മമ്മൂട്ടി പങ്കെടുക്കാതിരുന്നതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സുഹാസിനി. 

ഇന്‍സ്റ്റഗ്രാമില്‍ സുഹാസിനി പങ്കുവച്ച ഫോട്ടോയ്ക്കു താഴെയായിരുന്നു ആരാധകരുടെ കമന്‍റ് . 'ഫോട്ടോ വളരെ നന്നായിട്ടുണ്ട്. പക്ഷേ മമ്മൂക്കയെ കാണുന്നില്ലല്ലോ' ഒരാരാധകന്‍റെ ചോദ്യം. 'ഒരു പ്രധാനപ്പെട്ട  ബോര്‍ഡ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി സുഹാസിനി പറഞ്ഞു.

നാഗാര്‍ജ്ജുന, പ്രഭൂ, റഹ്മാന്‍, മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, നാദിയ മൊയ്തു, ജാക്കി ഷെറഫ്, ശരത്കുമാര്‍, ജഗപതി ബാബു, പൂര്‍ണ്ണിമ ജയറാം, ലിസ്സി, അംബിക, രാധിക ശരത് കുമാര്‍ ജയപ്രഭ തുടങ്ങിയ വന്‍താരനിര ഇത്തവണ ഒത്തുകൂടലിന് എത്തി.