'പേട്രിയറ്റ്' സിനിമയുടെ റിലീസിന് മുന്നോടിയായി മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഇന്‍സ്റ്റഗ്രാം ലൈവില്‍ ഒന്നിച്ചു

മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന ഹൈപ്പോടെ എത്തുന്ന ചിത്രമാണ് പേട്രിയറ്റ്, നാളെയാണ് ലോകമാകമാനം ചിത്രത്തിന്‍റെ റിലീസ്. നേരത്തെ കമ്മിറ്റ് ചെയ്ത സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആയതിനാല്‍ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ മോഹന്‍ലാലിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ റിലീസ് തലേന്ന് അദ്ദേഹം മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനുമൊപ്പം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രേക്ഷകരോട് സംവദിക്കാന്‍ എത്തി. മമ്മൂട്ടിയും ചാക്കോച്ചനും കൊച്ചിയിലും മോഹന്‍ലാല്‍ ന്യൂയോര്‍ക്കിലും നിന്നാണ് ലൈവില്‍ എത്തിയത്.

തങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വലിയ ചിത്രത്തിന്‍റെ റിലീസ് തലേന്നത്തെ ആവേശത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ കാഷ്വല്‍ വൈബോടെ മൂവരും എത്തിയത് പ്രേക്ഷകരും ആഘോഷിച്ചു. ഒരു ഘട്ടത്തില്‍ 34,000 ല്‍ അധികം പേര്‍ ഈ ഇന്‍സ്റ്റഗ്രാം ലൈവ് കണ്ടു. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അതു തന്നെയാണ് ഏറ്റവും വലിയ ടെന്‍ഷന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. “നമ്മുടെ കൈയിലുള്ളത് തന്നെയാണോ അവര്‍ പ്രതീക്ഷിക്കുന്നതെന്നാണ് ടെന്‍ഷന്‍. നമ്മളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രേക്ഷകര്‍ക്കാണ്. നിര്‍മ്മാതാവിന് മുടക്കുമുതലും ലാഭവും കിട്ടണം. എന്നാല്‍ മാത്രമേ ഇനിയും ഇത്തരത്തില്‍ സിനിമകള്‍ സംഭവിക്കാനുള്ള സാഹചര്യം ഒരുങ്ങൂ”. മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

മറ്റ് ഭാഷകളിലും നാളെത്തന്നെ റിലീസ് ഉണ്ടാവുമോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുഭാഷാ പതിപ്പുകളുടെ സെന്‍സറിംഗ് കഴിയാന്‍ ഒരാഴ്ച എടുക്കുമെന്നാണ് അറിഞ്ഞതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സംവിധായകന്‍ എവിടെ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് അദ്ദേഹത്തിന് ഉറങ്ങാതെ പ്രാന്ത് പിടിച്ചുകാണും എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. “ഇന്നലെ ഉറങ്ങിയിട്ടില്ല, ഇന്ന് ഉറങ്ങുമോ എന്ന് അറിയില്ല. കറക്ഷന്‍ തന്നെ കറക്ഷന്‍. ഡയറക്ടര്‍ മാത്രമല്ല അസിസ്റ്റന്‍റ്സും മ്യൂസിക് ഡയറക്ടറുമൊന്നും ഉറങ്ങിയിട്ടില്ല”, മമ്മൂട്ടി പറഞ്ഞു. സിനിമ വിജയം നേടുമ്പോള്‍ അതിന്‍റെ സന്തോഷം കൊണ്ട് നമുക്കെല്ലാം ഉറക്കം നഷ്ടപ്പെടട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍റെ മറുപടി.

സിനിമ കണ്ടോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് കാണിച്ചുതരുന്നില്ല എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍റെ മറുപടി. ചില ഫൈറ്റ് രംഗങ്ങള്‍ മാത്രമേ താന്‍ കണ്ടുള്ളൂ എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം, മമ്മൂട്ടിയുടെയും. ഒരു ഫൈറ്റ് സീനിലെ ഫൈറ്റ് രംഗം നന്നായി എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ ക്ലൈമാക്സിലെ ഫൈറ്റ് വളരെ നന്നായി എന്നായിരുന്നു മോഹന്‍ലാലിനോട് മമ്മൂട്ടിയുടെ പ്രതികരണം. ഉടന്‍ മോഹന്‍ലാലിന്‍റെ രസകരമായ കൗണ്ടര്‍ വന്നു. എന്നാല്‍ പിന്നെ ക്ലൈമാക്സ് കൂടി പറഞ്ഞുകൊടുക്ക് എന്നായിരുന്നു അത്. ആവേശം കൊണ്ട് അറിയാതെ പറഞ്ഞുപോകുന്നതാണെന്നായിരുന്നു ഇതിനോട് മമ്മൂട്ടിയുടെ പ്രതികരണം. അതേസമയം താന്‍ ഇപ്പോഴുള്ള ന്യൂയോര്‍ക്കില്‍ തന്നെ പടം കാണണമെന്നാണ് ആഗ്രഹമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താന്‍ നാളെ ദുബൈയിലേക്ക് പോകുന്നുണ്ടെന്നും അവിടെയാവും സിനിമ കാണുകയെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ ബെംഗളൂരുവിലാവും തിയറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണുക എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD Live News