മമ്മൂട്ടിയുടെ ശബ്‍ദം മോഹൻലാലിനും.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശബ്‍ദം തിരിച്ചറിയാത്തവരായി ആരുമുണ്ടാകില്ല കേരളത്തില്‍ എന്നത് അതിശയോക്തല്ല. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് ഇരുവരും. മമ്മൂട്ടിയുടെ ശബ്‍ദത്തില്‍ മോഹൻലാല്‍ സംസാരിച്ചാലോ?. മലയാളത്തിലെ പഴയ ഒരു ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്‍ദത്തിന് മോഹൻലാല്‍ ചുണ്ടനക്കിയിട്ടുണ്ട് എന്നത് ചിലപ്പോള്‍ മിക്കവരും മറന്നിട്ടുണ്ടാകും.

മമ്മൂട്ടി മോഹൻലാലിന് ഡബ് ചെയ്‍തുവെന്ന് പറയുകയല്ല ഉദ്ദേശ്യം. അത്തരം ഒരു അപൂര്‍വതയും മലയാള സിനിമയില്‍ ഉണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍ സിനിമയില്‍ മോഹൻലാല്‍ മമ്മൂട്ടിയുടെ ശബ്‍ദം അനുകരിക്കുന്ന ഒരു വേറിട്ട സന്ദര്‍ഭമായിരുന്നു അത്. മമ്മൂട്ടിയുടെ ശബ്‍ദത്തില്‍ ഫോണ്‍ വിളിക്കുന്ന രംഗം ഓര്‍മയില്‍ എത്തിയോ?. എന്റെ ശബ്‍ദം കേട്ടാല്‍ ഞാൻ ആരാണ് എന്ന് മലയാളികള്‍ക്ക് മനസ്സിലാകും എന്ന ഡയലോഗാണ് മമ്മൂട്ടി പറയുന്നതും. തന്നെ അനുകരിക്കുന്ന ആ രംഗത്തിനായി താൻ മോഹൻലാലിന് ശബ്‍ദം നല്‍കി എന്ന അപൂര്‍വതയും മമ്മൂട്ടിക്ക് അവകാശപ്പെടാം. മമ്മൂട്ടി മോഹൻലാലിന് ഡബ്ബ് ചെയ്‍ത സിനിമ എന്ന് തമാശയായിട്ടാണെങ്കിലും നമ്പര്‍ 20 മദ്രാസ് മെയിലിനെ കുറിച്ച് പറയാം.

നമ്പര്‍ 20 മദ്രാസ് മെയില്‍ സിനിമ 1990ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയും മോഹൻലാലും മികച്ച പ്രകടനങ്ങളുമായി ചിത്രത്തില്‍ നിറഞ്ഞുനിന്നിരുന്നു. മോഹൻലാലിന്റെ തമാശകള്‍ ഇന്നും ഓര്‍ക്കുന്നുവയാണ്. യഥാര്‍ഥ നടനെന്ന നിലയിലാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്. മോഹൻലാല്‍ ടോണി കുരിശിങ്കലായും മമ്മൂട്ടി സ്വന്തം വേഷത്തിലും എത്തിയപ്പോള്‍ നമ്പര്‍ 20 മദ്രാസ് മെയില്‍ മലയാളത്തിലെ ഒരു വൻ ഹിറ്റായി മാറുകയും ചെയ്‍തു.

സംവിധാനം നിര്‍വഹിച്ചത് ജോഷിയായിരുന്നു. തിരക്കഥ ഡെന്നിസ് ജോസഫായിരുന്നു. ചിത്രം കോമഡി ത്രില്ലറായിരുന്നു. നിര്‍മാണം ടി ശശിയായിരുന്നു.

Read More: മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക