"നിങ്ങളെപ്പോലെ ആരുമില്ല, നിങ്ങള്‍ക്കു മുന്‍പോ അതിനു ശേഷമോ"

അന്തരിച്ച ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന് ശ്രദ്ധാഞ്ജലിയുമായി മമ്മൂട്ടി. ഒരു നടന്‍ എന്ന നിലയിലും അദ്ദേഹവുമായുണ്ടായിരുന്ന വ്യക്തിപരമായ പരിചയത്തെക്കുറിച്ചും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എക്കാലത്തെയും തന്‍റെ പ്രിയപ്പെട്ട നടനായിരുന്നു ദിലീപ് കുമാര്‍ എന്ന് മമ്മൂട്ടി പറയുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രമടക്കമാണ് മമ്മൂട്ടിയുടെ കുറിപ്പ്.

മമ്മൂട്ടിയുടെ അനുസ്‍മരണം

"ഇതിഹാസ നടന് വിട. നമ്മള്‍ തമ്മിലുണ്ടായ ഓരോ കൂടിക്കാഴ്ചയിലും അങ്ങയുടെ സ്നേഹവാല്‍സല്യങ്ങളാല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. അങ്ങയുടെ സ്വന്തമെന്ന് ഒരാളെക്കൊണ്ട് തോന്നിപ്പിക്കുന്നതായിരുന്നു അങ്ങയുടെ ദയയും ആ വാക്കുകളും. എന്‍റെ എക്കാലത്തെയും പ്രിയനടന് യാത്രാമൊഴി. നിങ്ങളെപ്പോലെ ആരുമില്ല, നിങ്ങള്‍ക്കു മുന്‍പോ അതിനു ശേഷമോ", മമ്മൂട്ടി കുറിച്ചു.

ന്യൂമോണിയ ബാധയെത്തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രീയ, സാംസ്‍കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ പ്രിയതാരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.