ഗോപിക കീര്‍ത്തിയാണ് ‘നീലി’യെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നീ ചുമതലകൾ ഒരുമിച്ച് നിർവഹിച്ചാണ് ബിഗിൽ ബിനോയ് ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് വിവിധ സിനിമകളിലും വെബ് സീരീസുകളിലും നീലി കഥാപാത്രത്തിന്റെ വ്യത്യസ്ത അവതരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, കള്ളിയങ്കാട്ട് നീലിയുടെ തനത് കഥാപശ്ചാത്തലത്തിലും ഭാവത്തിലും ഉറച്ചുനിൽക്കുന്ന സമീപനമാണ് ‘നീലി’ സ്വീകരിച്ചിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഭയത്തിന്റെയും ദുരൂഹതയുടെയും അതീതമായി നീലിയുടെ ദൈവീക ഭാവവും ശക്തിയും വീഡിയോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. YouTube video player

പുലർച്ചെ 4 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 4 മണിവരെ നീണ്ടുനിന്ന 24 മണിക്കൂർ തുടർച്ചയായ ഷൂട്ടിംഗിലൂടെയാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. 40-ലധികം സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും പങ്കെടുത്ത ചിത്രീകരണം വലിയ തയ്യാറെടുപ്പുകളോടെയാണ് പൂർത്തിയാക്കിയത്.

വീഡിയോയിലെ കഥാപാത്ര രൂപകൽപ്പനയ്ക്കും മേക്കോവറിനും നേതൃത്വം നൽകിയത് ദേശീയതലത്തിൽ നിരവധി സിനിമകളിൽ പ്രവർത്തിച്ച സ്പെഷ്യൽ പ്രോസ്തെറ്റിക് ഡിസൈനർ സേതു ശിവാനന്ദൻ ആണ്. കഥാപാത്രത്തിന്റെ രൂപവും ഭാവവും കൂടുതൽ വിശ്വസനീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനം നിർണായകമായതായി അണിയറ പ്രവർത്തകർ വിലയിരുത്തുന്നു.

ദൃശ്യങ്ങൾക്ക് കൂടുതൽ മികവ് പകരുന്ന വിഷ്വൽ എഫക്ട്സ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് Ajith Balan ആണ്. വലിയ കാൻവാസിലുള്ള സിനിമാ പ്രോജക്ടുകളിലെ അനുഭവസമ്പത്തോടെയാണ് അദ്ദേഹം ഈ മ്യൂസിക് വീഡിയോയുടെ ഭാഗമായിരിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നവാഗതനായ റുവാനാണ്.

ഗായകരായ മധു ബാലകൃഷ്‍ണൻ, ചിത്ര അരുണ്‍ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള ഗോപിക കീര്‍ത്തിയാണ് ‘നീലി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയ്ക്കൊപ്പം സ്നേഹയും ഗാനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമാറ്റിക് നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന ‘നീലി’, ഒരു മ്യൂസിക് വീഡിയോ എന്നതിലുപരി മലയാളത്തിന്റെ നാടോടി പാരമ്പര്യവും വിശ്വാസങ്ങളും ആധുനിക ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂർ നീണ്ട ചിത്രീകരണവും, പ്രോസ്തെറ്റിക് ഡിസൈനും, വിഷ്വൽ എഫക്ട്സും, സംഗീതവും ഒത്തുചേരുമ്പോൾ ‘നീലി’ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക